ന്യൂദൽഹി: ദേശീയ തൊഴിലുറപ്പ് പദ്ധതി ആനുകൂല്യം നേടാൻ വ്യാജ തൊഴിൽ കാർഡുകൾ ഉണ്ടാക്കിയത് കണ്ടെത്തിയതിനെ തുടർന്ന് 58,826 പേരുടെ കാർഡുകൾ റദ്ദാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം കണക്കാണിത്. കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയതാണ് വിവരം.
പ്രതിവർഷം അരലക്ഷത്തോളം വ്യാജകാർഡുകൾ കണ്ടെത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിലും വ്യാജ തൊഴിൽകാർഡുകൾ കണ്ടെത്തിയെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാ്യരണ്ടി ആക്ട്(എംജിഎൻആർഇജിഎ) എന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിൽ സംസ്ഥാനതലത്തിൽ കൃത്രിമം നടക്കുന്നുവെന്ന ആക്ഷേപം പല സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ ആധാർ കാർഡ് ആധാരമാക്കി നടത്തിയ പരിശോധനയിൽ വ്യാജക്കാർഡുകൾ വ്യാപകമായി കണ്ടെത്തി. ചെയ്യാത്ത ജോലി ചെയ്തുവെന്ന് കണക്കുണ്ടാക്കിയത്, ഇല്ലാത്ത ആളിന്റെ രേഖകൾ ഉണ്ടാക്കിയത്, തൊഴിൽ എടുത്തുവെന്ന് വ്യാജക്കണക്കുണ്ടാക്കി തട്ടിപ്പ് നടത്തിയത് തുടങ്ങിയ പല വ്യാജങ്ങളും പദ്ധതിയുടെ പേരിൽ ഉണ്ടാകുന്നുവെന്നാണ് ആക്ഷേപങ്ങൾ. ഇതുസംബന്ധിച്ച് നടത്തിയ സൂക്ഷ്മ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്.
ജോലിചെയ്യാൻ ശാരീരികമായി കഴിയാത്തവരുടെ പേരിൽ കണക്കുണ്ടാക്കിയതായി കണ്ടെത്തി. മുമ്പ് ജോലിചെയ്ത പ്രദേശത്തുനിന്ന് താമസം മാറ്റിയെങ്കിലും അവർ ആ പ്രദേശത്തെ തൊഴിലാളിയെന്ന് രേഖയുണ്ടാക്കുക, തൊഴിൽ കാർഡ് മറ്റൊരാൾക്ക് വിൽക്കുക തുടങ്ങിയവ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ സാമ്പത്തിക വർഷം 58,826 കാർഡുകൾ റദ്ദാക്കിയതെന്നാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുള്ള വിവരം.