• Fri. Jan 16th, 2026

24×7 Live News

Apdin News

‘തൊഴിലുറപ്പ് പദ്ധതിയില്‍ 1000 കോടിയുടെ ക്രമക്കേട്’ ; അഴിമതി നടക്കില്ല, കോണ്‍ഗ്രസും സിപിഎമ്മും വിബിജി റാം പദ്ധതിയെ എതിര്‍ക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Byadmin

Jan 16, 2026



ന്യൂദല്‍ഹി: കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ 1000 കോടി രൂപയുടെ വ്യാജ പദ്ധതികള്‍ കണ്ടെത്തിയെന്നും ഇനി ഇത്തരം അഴിമതി നടക്കില്ലെന്നതിനാലാണ് കോണ്‍ഗ്രസും സിപിഎമ്മും വിബിജി റാം പദ്ധതിയെ എതിര്‍ക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

കേരളത്തില്‍ 14% തൊഴിലുറപ്പു കാര്‍ഡുകള്‍ വ്യാജമായിരുന്നു. 1000 കോടിയുടെ വ്യാജ പദ്ധതികളാണ് കണ്ടെത്തിയത്. ബയോമെട്രിക്, ജിയോ ടാഗിങ് അടക്കം ഏര്‍പ്പെടുത്തുമ്പോള്‍ ഈ തട്ടിപ്പു നടക്കില്ല, അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ ക്ഷേമ പദ്ധതികളില്‍ ശതകോടികളുടെ അഴിമതി നടത്തിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇനി സമ്മതിക്കില്ല. ചര്‍ച്ചയ്‌ക്കും സംവാദത്തിനും ബിജെപി ഒരുക്കമാണ്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സോണിയയുടെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ഫോട്ടോയില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് വിബി ജി റാം ജിക്കെതിരേ സമരം നടത്തുന്നത്. ആദ്യം കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം നടത്തി. യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് 72,000 കോടിയും എന്‍ഡിഎ സര്‍ക്കാര്‍ 3.32 ലക്ഷം കോടിയുമാണ് നല്കിയതെന്ന് തെളിവുകള്‍ സഹിതം പുറത്തുവിട്ടതോടെ അതു പൊളിഞ്ഞു.

തൊഴിലുറപ്പു പദ്ധതിക്കായി യുപിഎ കാലത്ത് 2.35 ലക്ഷം കോടിയാണ് നല്കിയതെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 7.83 ലക്ഷം കോടി നല്കി. നൂറു തൊഴില്‍ ദിനങ്ങള്‍ വിബി ജി റാം ജിയില്‍ 125 ആക്കി വര്‍ധിപ്പിച്ചു. തൊഴിലാളികളുടെ വരുമാനം 25% വര്‍ധിക്കും, രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

By admin