ന്യൂദല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് ഇന്ത്യ (ഒയുപി) ലോക നിഘണ്ടു ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും, ഭാഷാ പഠിതാക്കള്‍ക്കും, വായനക്കാര്‍ക്കുമായി പ്രത്യേകം രൂപകല്‍പന ചെയ്ത ഏറ്റവും പുതിയ മിനി ഇംഗ്ലീഷ്-മലയാളം നിഘണ്ടു പുറത്തിറക്കി. കേരളത്തിലെ പരമ്പരാഗത നിഴല്‍ പാവക്കൂത്ത് രൂപമായ തോല്‍പ്പാവക്കൂത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ പുറംചട്ടയോടുകൂടിയ നിഘണ്ടു, ദേശത്തിന്റെ സമ്പന്നമായ കലാപരവും സാംസ്‌കാരികവുമായ പൈതൃകത്തെ ആഘോഷിക്കുന്നതിനൊപ്പം ഒരു പ്രായോഗിക പഠന കൂട്ടാളിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ഒയുപി അറിയിച്ചു.
ഇരുപതിനായിരത്തിലധികം വാക്കുകളും അവയുടെ ഉത്ഭവങ്ങളും മലയാളത്തിലുള്ള വിശദമായ വിവര്‍ത്തനങ്ങളും അസാധാരണ നാമങ്ങള്‍, ക്രിയകള്‍, നാമവിശേഷണങ്ങള്‍ എന്നിവ സംബന്ധിച്ച വ്യാകരണ വിവരങ്ങളും നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഉത്സവ സീസണില്‍, മലയാളം, ഗുജറാത്തി, ബംഗാളി, കന്നഡ, മറാത്തി എന്നിവ ഉള്‍ക്കൊള്ളുന്ന മിനി, കോംപാക്റ്റ് ഫോര്‍മാറ്റുകളിലുള്ള പുതിയ പതിപ്പുകള്‍ ഒയുപി പുറത്തിറക്കി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ സംസാരിക്കുന്ന മലയാളം, രാജ്യത്തെ ഏറ്റവും ആവിഷ്‌കാരാത്മകവും സാംസ്‌കാരികമായി സമ്പന്നവുമായ ഭാഷകളില്‍ ഒന്നാണ്. സമകാലികവും യഥാര്‍ത്ഥവുമായ ഉപയോഗത്തില്‍ പഠിതാക്കളെ പിന്തുണയ്‌ക്കുന്നതിനാണ് ഭാഷയുടെയും പഠനത്തിന്റെയും ഒരു ആഘോഷമായ ഓക്‌സ്‌ഫോര്‍ഡിന്റെ പുതിയ മിനി ഇംഗ്ലീഷ്-മലയാളം നിഘണ്ടു രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് ഇന്ത്യ, മാനേജിങ് ഡയറക്ടര്‍ സുകാന്ത ദാസ് പറഞ്ഞു.