തിരുവനന്തപുരം: ത്രിതല സമ്പ്രദായം ശക്തിപ്പെടുത്തണമെന്നും രാഷ്‌ട്രീയസമവാക്യം ഉണ്ടാക്കി വികസനം പ്രാദേശിക തലത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാകണമെന്നും എസ്ബിഐ മുന്‍ റീജിയണല്‍ മാനേജര്‍ ആദികേശവന്‍ പറഞ്ഞു. ജന്മഭൂമി സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ജനസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വാര്‍ഡിലെ വിവിധ വിഷയങ്ങളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും വിവിധ മേഖലകളില്‍പ്പെട്ടവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. പരമ്പരാഗതമായി ബ്രാഹ്മണ സമുദായങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മത്സ്യമാംസാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നു. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കണം. ബ്രാഹ്മണ തെരുവില്‍ ഹോട്ടലുകള്‍ സ്ഥാപിച്ച് രൂക്ഷഗന്ധത്തോടെ മാംസം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അഭിപ്രായം ഉയര്‍ന്നു.
പദ്ധതികള്‍ കൊണ്ടുവരിക, നടപ്പാക്കി പണംവാങ്ങി പോകുന്നു എന്നല്ലാതെ പദ്ധതി പ്രവര്‍ത്തനയോഗ്യമാക്കാനോ തുടര്‍ പരിശോധനകളോ ഇല്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കരമന ആറ്റില്‍ നിന്ന് ശാസ്ത്രിനഗറിലേക്ക് വെള്ളം കയറി 95 ഓളം വീടുകള്‍ വെള്ളത്തിനടിയിലാകുന്നത് ഒഴിവാക്കാന്‍ നദിയുടെ ഭിത്തികെട്ടി സംരക്ഷിക്കണം. കരമന-തളിയല്‍-കാലടി റോഡില്‍ മരണമുക്ക് എന്നറിയപ്പെടുന്ന അപകടകരമായ സ്ഥലത്ത് റോഡിന്റെ വീതി കൂട്ടണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ജനസദസില്‍ ഉയര്‍ന്നത്.
കരമന പൂജഹാളില്‍ നടന്ന ജനസദസ് നഗരാസൂത്രണ വിദഗ്ധന്‍ അനില്‍ പണ്ഡാല ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മഞ്ചു.ജി.എസ് അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പ്രസന്നന്‍, മേജര്‍ ഇറിഗേഷന്‍ റിട്ട. എസ്ഇ സാബുജോര്‍ജ്, മുന്‍ കൗണ്‍സിലര്‍ മഹേശ്വരന്‍ നായര്‍, ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് എച്ച്.ഗണേശ്, മഹാദേവന്‍, സാബു ജോര്‍ജ് തുടങ്ങി റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.