
അമ്മാന്‍ (ജോര്‍ദാന്‍): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു. ഹോട്ടലില്‍ എത്തിയ പ്രധാനമന്ത്രിക്ക് പ്രവാസി ഭാരത സമൂഹവും സ്നേഹോഷ്മള സ്വീകരണം നല്‍കി.
സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. അമ്മാനിലെ ഭാരത സമൂഹം നല്‍കിയ ഊഷ്മളമായ സ്വീകരണം തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചതായി മോദി അഭിപ്രായപ്പെട്ടു. ഭാരതം – ജോര്‍ദാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിന് നന്ദി അറിയിക്കുന്നതായും മോദി കുറിച്ചു.
അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജോര്‍ദാന്‍ സന്ദര്‍ശിക്കുന്നത്. ഹുസൈനിയ പാലസിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. 37 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർദാൻ സന്ദർശിക്കുന്നത് ഇത് ആദ്യമായാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം 75 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക വിഷയങ്ങൾ, ഭീകരവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു. ഗാസയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും ഊന്നൽ നൽകി. വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും പുതിയ കരാറുകൾ ഒപ്പുവെക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
പ്രധാനമന്ത്രി മോദി ജോർദാൻ രാജാവുമായി മുമ്പ് നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും സംസാരിച്ചു. 2015ൽ ഐക്യരാഷ്‌ട്രസഭയിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും അന്ന് തീവ്രവാദത്തെ ചെറുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ രാജാവ് നടത്തിയ പ്രസംഗം പ്രചോദനകരമായിരുന്നെന്നും മോദി പറഞ്ഞു. ‘2018ൽ താങ്കൾ ഇന്ത്യ സന്ദർശിച്ചപ്പോൾ, ഞങ്ങൾ ഇസ്ലാമിക പൈതൃകത്തെക്കുറിച്ചുള്ള ഒരു സമ്മേളനത്തിൽ പങ്കെടുത്തു. 2015ൽ ഐക്യരാഷ്‌ട്രസഭയുടെ ചർച്ചകൾക്കിടയിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നും അന്ന് തീവ്രവാദത്തെ ചെറുക്കുന്നതിനെക്കുറിച്ചുള്ള പരിപാടിയിൽ താങ്കൾ നടത്തിയ പ്രസംഗം വളരെ പ്രചോദനകരമായിരുന്നു. താങ്കൾ മിതവാദത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ മേഖലയിലെയും ലോകത്തിലെയും സമാധാനത്തിന് വളരെ പ്രധാനമാണ്. ഈ ദിശയിൽ ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകും. നമ്മുടെ പരസ്പര സഹകരണത്തിന്റെ എല്ലാ തലങ്ങളും ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭീകരവാദത്തിനെതിരെയുള്ള ജോർദാന്റെ നിലപാടിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. മേഖലയിലെ സമാധാനം നിലനിർത്തുന്നതിൽ, പ്രത്യേകിച്ച് ഗാസ വിഷയത്തിൽ, രാജാവ് അബ്ദുള്ള രണ്ടാമന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
PM @narendramodi held productive discussions with His Majesty @KingAbdullahII in Amman. The leaders agreed to strengthen cooperation in sectors like economy, agriculture, healthcare, infrastructure, information technology and critical minerals, among others. pic.twitter.com/LcVvQF9AS6
— narendramodi_in (@narendramodi_in) December 15, 2025
‘ഗാസ വിഷയത്തിൽ താങ്കൾ തുടക്കം മുതലേ വളരെ സജീവവും ക്രിയാത്മകവുമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഈ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു. ഭീകരവാദത്തിനെതിരെ ഞങ്ങൾക്ക് പൊതുവായതും വ്യക്തവുമായ നിലപാടുണ്ട്. താങ്കളുടെ നേതൃത്വത്തിൽ, ഭീകരവാദം, തീവ്രവാദം, റാഡിക്കലൈസേഷൻ എന്നിവയ്‌ക്കെതിരെ ജോർദാൻ മാനവികതയ്‌ക്ക് ശക്തവും തന്ത്രപരവുമായ സന്ദേശം നൽകിയിട്ടുണ്ട്,’ പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
പുതിയ കരാറുകൾ ഒപ്പുവെച്ചതിനെ ജോർദാൻ രാജാവ് സ്വാഗതം ചെയ്തു. ബിസിനസ് രംഗത്ത് സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘താങ്കളുടെ സന്ദർശന വേളയിൽ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചതിനെ ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇത് നമ്മുടെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുകയും പുതിയ സഹകരണ സാധ്യതകൾ തുറക്കുകയും ചെയ്യും. നാളെ നടക്കുന്ന ജോർദാൻ – ഇന്ത്യ ബിസിനസ് ഫോറം ബിസിനസ് – ടു -ബിസിനസ് പങ്കാളിത്തങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട മേഖലകളിലെ സംയുക്ത നിക്ഷേപ സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യാൻ അവസരം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” രാജാവ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ ജോർദാൻ രാജാവ് എടുത്തുപറഞ്ഞു. ‘നമ്മുടെ രാജ്യങ്ങൾ ശക്തമായ പങ്കാളിത്തം ആസ്വദിക്കുന്നു. നമ്മുടെ ജനങ്ങളുടെ അഭിവൃദ്ധി വർധിപ്പിക്കാൻ ഞങ്ങൾ ഒരുമിച്ച് ആഗ്രഹിക്കുന്നു. വർഷങ്ങളായി, നമ്മുടെ സഹകരണം വിവിധ മേഖലകളിൽ വികസിച്ചിട്ടുണ്ട്. വ്യവസായം, ഐസിടി, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, ഊർജ്ജം തുടങ്ങിയ നിരവധി മേഖലകളിൽ സാമ്പത്തിക സഹകരണം വർധിപ്പിക്കാൻ താങ്കളുടെ ഇന്നത്തെ സന്ദർശനം ഒരു പ്രധാന അവസരമാണ്. ഇത് നമ്മുടെ ജനങ്ങൾക്ക് പരസ്പര പ്രയോജനം നൽകും,’ രാജാവ് അബ്ദുള്ള രണ്ടാമൻ പറഞ്ഞു.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്‍ സ്വീകരിച്ചു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇബ്ന്‍ അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് മോദി സന്ദര്‍ശനത്തിനെത്തിയത്. ഹോട്ടലിൽ എത്തിയ ശേഷം പ്രധാനമന്ത്രി മോദി ജോർദാനിലെ ഇന്ത്യൻ പ്രവാസികളെ കണ്ടുമുട്ടി. ഏകദേശം 17500 ഇന്ത്യന്‍ പ്രവാസികള്‍ ജോര്‍ദാനിലുണ്ടെന്നാണ് കണക്കുകള്‍.
പ്രധാനമന്ത്രി ജാഫര്‍ ഹസന്‍, കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുള്ള രണ്ടാമനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജോര്‍ദാന് പിന്നാലെ എത്യോപ്യ, ഒമാന്‍ എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.