• Tue. Jan 28th, 2025

24×7 Live News

Apdin News

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

Byadmin

Jan 26, 2025


തിരുവനന്തപുരം: സംഗീതത്തിന്റെ അടിത്തറ ഭക്തിയാണെന്നും ജപം കൊണ്ട് മാത്രമേ നാദത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും വിശ്വസിച്ചിരുന്ന സംഗീതജ്ഞനായിരുന്നു അന്തരിച്ച വി. ദക്ഷണിമൂര്‍ത്തി. സിനിമാസംഗീതത്തിന് നിര്‍ബന്ധമായും ഒരു രാഗത്തില്‍ തന്നെ ഒരുക്കണമെന്ന് നിര്‍ബന്ധമുള്ള വ്യക്തികൂടിയായിരുന്നു സ്വാമി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ദക്ഷിണാമൂര്‍ത്തി. സംഗീതത്തെ മാറ്റുവാന്‍ കാലത്തിന് കഴിയില്ലെന്നും രാഗവും താളവും പിഴച്ചാലും ഭക്തി പിഴയ്‌ക്കരുതെന്ന ശാഠ്യവും ദക്ഷിണാമൂര്‍ത്തിക്കുണ്ടായിരുന്നു.

ദക്ഷിണാമൂര്‍ത്തി സ്വാമി ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന രാഗമായിരുന്നു ഖരഹരപ്രിയ. മലയാളത്തില്‍ സംഗീതസംവിധായകരില്‍ ഖരഹരപ്രിയ എന്ന ഒരൊറ്റ രാഗത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ സൃഷ്ടിച്ചത് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. അതിനാലാണ് അദ്ദേഹത്തെ ഖരഹരപ്രിയന്‍ എന്ന് വിളിച്ചുപോന്നത്.

നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു രാഗമാണ് ഖരഹരപ്രിയ . ഹരൻ എന്നാൽ ശിവൻ, പ്രിയ എന്നാൽ ഇഷ്ടപ്പെട്ടത് അർത്ഥം കൂടി വരുന്നുണ്ട്. ശിവന് ഇഷ്ടപ്പെട്ടത്  എന്ന അര്‍ത്ഥത്തില്‍ ഹരപ്രിയ എന്നാണ് ഈ രാഗത്തിന്റെ ശരിയായ നാമമെന്നും 22 എന്ന സംഖ്യ ലഭിക്കാനായി ഖര എന്ന പദം കൂട്ടിച്ചേർത്തതാണെന്നും ഒരു അഭിപ്രായമുണ്ട്. എന്നാൽ ഖരഹരപ്രിയ എന്ന പദത്തിന് വേറെ ഒരു അര്‍ത്ഥവും പറയപ്പെടുന്നു. ഖരൻ എന്നത് ഒരു രാക്ഷസനും ഹരൻ എന്നാൽ നിഗ്രഹിക്കുന്നവൻ എന്നും അർത്ഥം കല്പിക്കുന്നു. ഖരനെ നിഗ്രഹിച്ച ശിവന് പ്രിയപ്പെട്ടത് എന്നര്‍ത്ഥം. ഹിന്ദുസ്ഥാനി സംഗീതത്തിലെ കാഫിഥാട്ട് ഈ രാഗത്തിന് തുല്യമാണ്.

14 സിനിമാഗാനങ്ങളാണ് ദക്ഷിണാമൂര്‍ത്തി ഖരഹരപ്രിയയില്‍ ചിട്ടപ്പെടുത്തിയത്. ദേവരാജന്‍ മാസ്റ്റര്‍ 10 ഗാനങ്ങളേ ഖരഹരപ്രിയയില്‍ ഒരുക്കിയിട്ടുള്ളൂ. (എം.കെ. അര്‍ജുനന്‍ മാസ്റ്ററും 12 പാട്ടുകളോളം ഖരഹരപ്രിയ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്). ക്ഷിണാമൂർത്തി സ്വാമിയുടെ ‘ഖരഹരപ്രിയ’ തീരെ ലളിതമാണ്. ഈ രാഗത്തെ തന്റെ കോമ്പോസിഷനിലൂടെ ഇത്രയേറെ പ്രചാരത്തിൽ കൊണ്ട് വന്നതും ദക്ഷിണാ മൂർത്തി സ്വാമി ആണ്.

കര്‍ണ്ണാടകസംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളില്‍ 22ാമത്തെ രാഗമാണ് ഖരഹരപ്രിയ.

സ്വാമിയുടെ ഖരഹരപ്രിയയിലെ ഗാനങ്ങൾ…..
1. ഉത്തരാ സ്വയംവരം കഥകളി കാണുവാൻ…..( ഡെയിഞ്ചർ ബിസ്‌കറ്റ് )
2. മനോഹരീ നിൻ മനോരഥത്തിൽ…..( ലോട്ടറി ടിക്കറ്റ് )
3. അശോക പൂർണ്ണിമ വിടരും വാനം…..( മറുനാട്ടിൽ ഒരു മലയാളി )
4. ചിരിയോ ചിരി ..ചിരിയോ ചിരി …… ( കടുവയെ പിടിച്ച കിടുവ ) പല്ലവി തുടങ്ങുന്നത് ‘കാനഡ’ രാഗത്തിൽ ആണ്.
5. സന്ധ്യക്കെന്തിനു സിന്ദൂരം …………( മായ )
6. ദേവവാഹിനി തീരഭൂമിയിൽ …….( നൃത്തശാല )
7. കാർകൂന്തൽ കെട്ടിനെന്തിനു… (ഉർവശി ഭാരതി )
8. പുലയനാർ മണിയമ്മ ……………( പ്രസാദം)
9. ചിത്ര ശിലാ പാളികൾ കൊണ്ടൊരു ( ബ്രഹ്മചാരി )
10. കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ…….( എഴുതാത്ത കഥ )
11. ഇലവംഗപൂവുകള്‍ (ഭക്തഹനുമാന്‍)
12. ചിരിയോ ചിരി (കടുവയെ പിടിച്ച കിടുവ)
ഖരഹരപ്രിയ രാഗം ഉള്‍പ്പെട്ട രാഗമാലികയില്‍ രണ്ട് പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്
13.ദേവവാഹിനി തീരഭൂമിയില്‍ (നൃത്തശാല)
14. കണ്ണനെ കണ്ടേന്‍ സഖി (ചിലമ്പൊലി)

ഒരേ രാഗത്തിലാണെങ്കിലും ഈ പാട്ടുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്നതാണ് അത്ഭുതം. ഒരു രാഗത്തിനുള്ളില്‍ തന്നെ ഒളിഞ്ഞുകിടക്കുന്ന ഭാവങ്ങള്‍ കണ്ടെത്തി സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് അതിന് കാരണം. ആ രാഗത്തിന്റെ തന്നെ ആരോഹണാവരോഹണപ്രയോഗങ്ങളിലെ വ്യത്യസ്തതകള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ദക്ഷിണാമൂര്‍ത്തിക്ക് 12 ഖരഹരപ്രിയഗാനങ്ങളും വ്യതിരിക്തമായ അനുഭവങ്ങളാക്കി മാറ്റാന്‍ കഴി‌ഞ്ഞത്.

 



By admin