
വൈക്കം: പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. വെളുപ്പിന് 3.30ന് നട തുറന്ന് ഉഷ പൂജയ്‌ക്കും എതൃത്ത പൂജയ്‌ക്കും ശേഷം 4.30ന് അഷ്ടമിദര്‍ശനത്തിനായി നട തുറക്കും.
ശ്രീകോവിലിലെ വെള്ളി വിളക്കുകളിലെ നെയ്‌ത്തിരി ദീപങ്ങള്‍ കൂപ്പുകൈയായ് ഉയരുന്ന പുണ്യമുഹൂര്‍ത്തത്തില്‍ സര്‍വ്വാഭരണവിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം ഒരുനോക്ക് കണ്ട് അനുഗ്രഹം വാങ്ങാന്‍ ഗോപുരനടകള്‍ വഴി ഒഴുകിയെത്തുന്നത് ആയിരങ്ങള്‍.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുളള ആല്‍ച്ചുവട്ടില്‍ തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ പാര്‍വതീസമേതനായി ദര്‍ശനം നല്കി അനുഗ്രഹിച്ച പുണ്യമുഹൂര്‍ത്തമാണ് അഷ്ടമിദര്‍ശനമായി കൊണ്ടാടുന്നത്.
വൈക്കത്തപ്പനെ ദര്‍ശിച്ച് ആനന്ദനിര്‍വൃതിയോടെ ഭഗവാന്റെ ഇഷ്ടവഴിപാടായ പ്രാതലില്‍ ഭക്തര്‍ പങ്കെടുക്കും. പ്രാതലിന്റെ അരിയളക്കല്‍ ഇന്ന് വൈകിട്ട് 6.30ന് ക്ഷേത്രം കലവറയില്‍ ദേവസ്വം കമ്മിഷണര്‍ ബി. സുനില്‍കുമാര്‍ നിര്‍വഹിക്കും. പ്രസിദ്ധമായ അഷ്ടമിവിളക്ക് രാത്രി 11നാണ്.