വോട്ട് കൊള്ള കേന്ദ്ര സര്‍ക്കാറിന്റെ തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിലെ ദരിദ്രരെ വോട്ടവകാശത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വോട്ടര്‍ പട്ടികയില്‍ നിന്ന് ദരിദ്രരെ ഒഴിവാക്കുന്നതില്‍ ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാരുടെ സംശയാസ്പദമായ പങ്കിനെ അദ്ദേഹം ചോദ്യം ചെയ്തു. ജനാധിപത്യ കക്ഷികള്‍ എല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട അടിയന്തരാവസ്ഥയാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദേശീയ രാഷ്ട്രീയത്തിലും ഭരണഘടനാ സംരക്ഷണത്തിലും മുസ്ലിംലീഗിന്റെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.