
ചരിത്ര പാഠ പുസ്തകങ്ങളില്‍ ദലിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ബിരുദ വിദ്യാര്‍ത്ഥിയായ മീനാക്ഷി കഴിഞ്ഞ ദിവസം ജാതി പിരമിഡ് പഠിക്കുന്നതിനെക്കുറിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇതോടെയാണ് താരം പ്രതികരണവുമായെത്തിയത്.
മീഡിയ വണിനോടായിരുന്നു മീനാക്ഷിയുടെ പ്രതികരണം. തൊട്ടുകൂടായ്‌മ എന്ന പദം തന്നെ ചെറുപ്പം മുതലേ അലോസരപ്പെടുത്തിയിരുന്നുവെന്നും ദലിത് എന്നത് എവിടെ നിന്നും വന്നുവെന്നും മനുഷ്യരെ തൊട്ടുകൂടാത്തവരായി കാണുന്നത് തെറ്റാണെന്നും കൂടി പഠിപ്പിക്കണമെന്നുമാണ് മീനാക്ഷി പറയുന്നത്.
”ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ഞാനിപ്പോള്‍. എട്ടാം ക്ലാസ് മുതലോ ഒമ്പതാം ക്ലാസ് മുതലോ ജാതി വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ പഠിക്കുന്ന പലതും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദലിത് വിഭാഗം താഴ്ന്ന ജാതിയില്‍ പെട്ടവരാണെന്നും, തൊട്ടുകൂടാത്തവരാണെന്നുമാണ് ജാതി പിരമിഡില്‍ പഠിക്കുന്നത്. ചരിത്രം പഠിക്കുമ്പോള്‍ നിര്‍ബന്ധമായും ഇത് പഠിക്കേണ്ടതുണ്ട്. നമ്മുടെ മുന്‍കാലം ഇങ്ങനെയായിരുന്നുവെന്ന് അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ദലിത് എന്നത് എവിടെ നിന്നും വന്നു, ആര് അവരെ ഇങ്ങനെയാക്കി, ആര് അവരെ ഇങ്ങനെ കണ്ടു എന്ന് കൂടെ പഠിക്കേണ്ടതുണ്ട്.” മീനാക്ഷി പറയുന്നു.
ഇപ്പോള്‍ അങ്ങനെയല്ലെന്നും ഇന്ന് വേര്‍തിരിവോടെ കാണുന്നത് തെറ്റാണ് എന്നും കൂടെ പഠിപ്പിച്ചാല്‍ കൃത്യമായ അറിവായിരിക്കും. അന്ന് അങ്ങനെയായിരുന്നുവെന്ന് മാത്രമാണ് നമ്മള്‍ പഠിക്കുന്നത്. ഇന്ന് അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നും എവിടെ നിന്നാണ് ഇതിന്റെ തുടക്കം എന്നൊന്നും പഠിക്കുന്നില്ല. ശരിയായ വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്. അതുകൊണ്ടാണ് അങ്ങനൊരു പോസ്റ്റ് ഇട്ടത്. നിയമപരമായി മുന്നോട്ട് പോകാന്‍ ആലോചിക്കുന്നുണ്ടെന്നും മീനാക്ഷി പറയുന്നു.