
ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തിലെ മുഖ്യ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതികത്തകരാര്‍ ഉണ്ടായതോടെ വെള്ളിയാഴ്ച രാവിലെ മുതല്‍ ഇതുവരെ 300 ഫ്ലൈറ്റുകള്‍ വൈകി. ഫ്ലൈറ്റുകള്‍ വന്നുപോകുന്നതിന്റെ വിവരങ്ങളും ക്ലിയറന്‍സും നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ സംവിധാനത്തിലെ ഒരു ശൃംഖലയ്‌ക്കാണ് തകരാര്‍ സംഭവിച്ചത്.
ഇപ്പോഴും സാങ്കേതികത്തകരാര്‍ പരിഹരിച്ചിട്ടില്ല. സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ പരിശ്രമിച്ചുവരുന്നതായി വിമാനത്താവള അധികൃതര്‍ പറയുന്നു. എയറിന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവര്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിവരുന്നുണ്ട്. വിമാനത്താവളത്തിലെ തിക്കും തിരക്കും ഒഴിവാക്കാനാണിത്.
ഇതോടെ വിമാനങ്ങളുടെ പോക്കുവരവുകള്‍ താളം തെറ്റി. വ്യാഴാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ പ്രശ്നം വെള്ളിയാഴ്ചയോടെ മൂര്‍ധന്യത്തില്‍ എത്തി. ഇതിന്റെ ഭാഗമായി യന്ത്രസഹായമില്ലാതെ നേരിട്ട് ജീവനക്കാര്‍ വിമാനങ്ങളുടെ പോക്കുവരവുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങി. ഇത് പല വിമാനങ്ങളും ഇറങ്ങുന്നതും പറന്നുയരുന്നതും വൈകിച്ചു. നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയും ചെയ്തു.