കൊല്ലം: തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. തെന്‍മല എസ് എച്ച് ഒ ആയിരുന്ന വിശ്വംഭരന്‍, എസ് ഐ ഡി.ജെ.ശാലു എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കൊട്ടാരക്കര എസ് സി- എസ് ടി കോടതി ഉത്തരവിട്ടത്. തെളിവുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
2021 ഫെബ്രുവരിയിലാണ് രാജീവ് തെന്‍മല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.രാജീവിന്റെ അമ്മയ്‌ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ പേരില്‍ പണം തട്ടിയതിനെ കുറിച്ച് നല്‍കിയ പരാതിയില്‍ രസീത് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ പൊലീസുകാര്‍ ജാതീയമായി അധിക്ഷേപിച്ച ശേഷം കൈവിലങ്ങ് വെച്ച് മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തെന്നാണ് രാജീവ് പരാതി നല്‍കിയത്.
പീഡനത്തിന് നീതി തേടി രാജീവ് നിയമ പോരാട്ടം തുടരുകയാണ്. നാല് വര്‍ഷം നീണ്ട നിയമയുദ്ധം എത്തി നില്‍ക്കുന്നത് കൊട്ടാരക്കര എസ്.സി എസ്.ടി കോടതി നടപടിയിലാണ്.
രാജീവിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ വിശ്വഭരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.എന്നാല്‍ എസ്.ഐക്കതെിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി. രാജീവ് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനെ സമീപിച്ചതോടെയാണ് ഡി.ജെ ശാലുവിന്റെ ഒരു വര്‍ഷത്തെ വാര്‍ഷിക വേതന വര്‍ധന തടഞ്ഞത്.