• Fri. Jan 2nd, 2026

24×7 Live News

Apdin News

ദാവൂദ് ബന്ധം ഉള്ള നവാബ് മാലികിന്റെ അജിത് പവാര്‍ മുന്നില്‍ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ അസ്വസ്ഥത; മുംബൈ മുനിസിപ്പല്‍ തെര. ബിജെപി 137 സീറ്റില്‍

Byadmin

Jan 2, 2026



മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും സംഘവുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രത്യേകകോടതിയുടെ വിചാരണ നേരിടുന്ന നവാബ് മാലികിനെ മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അജിത് പവാര്‍ മുന്നില്‍ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ വിമര്‍ശനം. ഈ കേസില്‍ നവാബ് മാലിക് തല്‍ക്കാലം ജാമ്യത്തില്‍ പുറത്തുവന്നെങ്കിലും 2026ല്‍ വീണ്ടും കേസില്‍ വിചാരണ തുടങ്ങാനിരിക്കുകയാണ്. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി (അജിത് പവാര്‍) നേതാവ് അജിത് പവാര്‍ മഹാരാഷ്‌ട്ര സര്‍ക്കാരിലെ ഉപമുഖ്യമന്ത്രികൂടിയാണ്.

അതേ സമയം ഇക്കുറിയും നവാബ് മാലികാണ് എന്‍സിപി (അജിത് പവാര്‍) പാര്‍ട്ടിയെ മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നും നയിക്കുകയെന്ന് അജിത് പവാര്‍ പറയുന്നു. ഇതില്‍ വിട്ടുവീഴ്ചയ്‌ക്ക് അജിത് പവാര്‍ ഒരുക്കമല്ല. മാത്രമല്ല നവാബ് മാലികിന്റെ കുടുംബാംഗങ്ങളെല്ലാം മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. നവാബ് മാലിക്കിന്റെ സഹോദരന്‍ കപ്റ്റന്‍ മാലിക്, നവാബ് മാലിക്കിന്റെ സഹോദരി സയീദ ആരിഫ് ഖാന്‍, കപ്റ്റന്‍ മാലിക്കിന്റെ മരുമകള്‍ ബുഷറ മാലിക് എന്നിവര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുമാണ്.

ബിജെപി-ഏക്നാഥ് ഷിന്‍ഡേ ശിവസേന- അജിത് പവാര്‍ പക്ഷം എന്‍സിപി എന്നിവര്‍ ചേര്‍ന്നതാണ് മഹായുതി എന്ന കൂട്ടുമുന്നണി എങ്കിലും  മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ പാര്‍ട്ടി 100 സീറ്റുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കുകയാണ്. ബിജെപിയും ഏക് നാഥ് ഷിന്‍ഡേ ശിവസേനയും 227 സീറ്റുകളില്‍ മത്സരിക്കും. ഇതില്‍ ബിജെപി 137 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ഷിന്‍ഡേ ശിവസേന ബാക്കിയുള്ള 90 സീറ്റുകളില്‍ മത്സരിക്കും. ബിജെപിയും സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍സിപിയും തമ്മില്‍ സൗഹൃദമത്സരം പല മുനിസിപ്പല്‍ സീറ്റുകളിലും നടക്കും. ജനുവരി 15നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ 25 വര്‍ഷമായി ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ നേതൃത്വത്തിലാണ് ഇവിടെ ഭരണം നടക്കുന്നത്. ഇക്കുറി ഉദ്ധവ് താക്കറെയും രാജ് താക്കറെയും കൈകോര്‍ത്താണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനെ നേരിടുന്നത്.

By admin