
പ്രയാഗ്‌രാജ് : ഇന്ത്യൻ സംസ്കാരം എപ്പോഴും വിദേശികളെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെയും ആത്മീയതയുടെയും സ്വാധീനത്താൽ മാഘമേള കാണാനെത്തിയ വിദേശ യുവതി ഹിന്ദുമതം സ്വീകരിച്ചു. ഇറ്റലിയിലെ മിലാനിൽ നിന്നുള്ള 22 വയസ്സുള്ള ലുക്രേസിയയാണ് സനാതനധർമ്മം സ്വീകരിച്ചത്.
പിതാവ് പെരാൻസലിനൊപ്പമാണ് യുവതി മാഘമേളയിൽ പങ്കെടുക്കാൻ എത്തിയത് . സീതാപൂർ നൈമിഷാരണ്യയിൽ നിന്നുള്ള തന്റെ ഗുരുവായ നാഗ സന്യാസി മൻമൗജി റാംപുരിക്കൊപ്പമാണ് ലുക്രേസിയ മാഘമേളയുടെ ഭാഗമായത് . 2025 ലെ മഹാ കുംഭമേളയ്‌ക്കായി ലുക്രേസിയ മുമ്പ് പ്രയാഗ്‌രാജ് സന്ദർശിച്ചിരുന്നു. ഇത് അവരുടെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനമാണ്.
ഇന്ത്യൻ സംസ്കാരത്തിലും ആത്മീയതയിലും ആകൃഷ്ടയായതോടെയാണ് ലുക്രേസിയ ഹിന്ദുമതം സ്വീകരിച്ചത് . പവിത്രമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു . ഗംഗയിൽ പുണ്യസ്നാനം ചെയ്യുന്നത് എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുമെന്ന് ലുക്രേഷ്യ വിശ്വസിക്കുന്നു.
ഇറ്റലിയിലെ സർവകലാശാലയിൽ ബിസിനസ് സ്റ്റഡീസ് വിദ്യാർത്ഥിനിയാണ് ലുക്രേസിയ . ഇന്ത്യയിലേക്ക് വരുന്നത് തനിക്ക് വളരെ ഇഷ്ടമാണെന്നും, ഇവിടെ വരുന്നത് തനിക്ക് മനസ്സമാധാനം നൽകുന്നുവെന്നും അവർ പറയുന്നു.മാഘമേളയ്‌ക്കുള്ള ക്രമീകരണങ്ങൾക്ക് യോഗി സർക്കാരിനെയും ലുക്രേസിയ പ്രശംസിച്ചു. സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾക്ക് യുപി പോലീസിനോട് അവർ പ്രത്യേകം നന്ദി പറഞ്ഞു. “ഓം നമഃ ശിവായ്”, “ജയ് ശ്രീ റാം”, “സീതാ റാം”, “ഹരേ രാമ ഹരേ കൃഷ്ണ”, “രാധേ രാധേ”, “ഹർ ഹർ ഗംഗെ” എന്നിങ്ങനെ നാമജപത്തോടെയാണ് തന്റെ ദിവസം ഇവർ ആരംഭിക്കുന്നത് .