
ചണ്ഡീഗഢ്: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട പ്രവർത്തിച്ച് ലഷ്ക്കർ ഭീകരരുടെ രഹസ്യസംഘത്തെ തകർത്ത് പൊലീസ്. പഞ്ചാബിലെ മലർകോട്ടലയിൽ നിന്ന് പാക് രണ്ട് ഭീകരരെയും ഒരു സഹായിയെയും ജമ്മു കശ്മീർ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ പിടികൂടി. ദിവസക്കൂലി തൊഴിലാളികളായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ പഞ്ചാബിലെ മലര്‍കോട്ടലയില്‍ താമസിക്കുകയായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
അബു ഗബ്ബ, ഉസ്മാന്‍ എന്നിവരെയാണ് പിടികൂടിയത്. ഈ രണ്ട് പേരിൽ ഒരാൾ ലഷ്ക്കർ കമാൻഡറാണെന്ന് പൊലീസ് വ്യക്തമാക്കി. ജമ്മുകശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് ഇവര്‍ രണ്ടുപേരും ഏറെക്കാലമായി സഹകരിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാഏജന്‍സികള്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. രഹസ്യ ഏജന്‍സികള്‍ നല്‍കിയ ഒരു നിര്‍ണ്ണായകവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
ഇതാദ്യമായാണ് ജമ്മു കശ്മീര്‍ പൊലീസ് മറ്റൊരു സംസ്ഥാനത്തെ പൊലീസ് സേനയുമായി സഹകരിച്ച് തിരച്ചില്‍ നടത്തുന്നത്. മാത്രമല്ല, തങ്ങളുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭീകരവാദകേസുകളുടെ വിവരങ്ങള്‍ മറ്റൊരു സംസ്ഥാനത്തിന് കൂടി കൈമാറി അന്തര്‍സംസ്ഥാന അന്വേഷണ രീതിയ്‌ക്കും ജമ്മുകശ്മീര്‍ തുടക്കം കുറിച്ചിരിക്കുകയാണ്.പഞ്ചാബ് പൊലീസ് ഈ രണ്ടുപേരെയും ജമ്മു കശ്മീര്‍ പൊലീസിന് കൈമാറി. കേന്ദ്രഏജന്‍സികളും ചോദ്യം ചെയ്യലില്‍ പങ്കാളികളാകും.
മയക്കമരുന്നിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു മയക്കമരുന്ന് കള്ളക്കടത്തുകാരനെ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണ് പഞ്ചാബില്‍ ഒളിച്ചുതാമസിക്കുന്ന ഈ രണ്ട് പേരെക്കുറിച്ച് വിവരം ലഭിച്ചത്.
അതിർത്തിക്കടന്ന് കശ്മീരിൽ എത്തുന്ന പാക് ഭീകരർ സുരക്ഷിതകേന്ദ്രം എന്ന നിലയിൽ പഞ്ചാബിലേക്ക് മാറുകയും ഇവിടെ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതുമാണ് പുതിയ രീതി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റാണ് ഈ ഭീകരസംഘത്തിലേക്ക് നയിച്ചത്.