• Sat. Apr 19th, 2025

24×7 Live News

Apdin News

ദുഃഖവെള്ളി ആത്മീയ നവീകരണത്തിനും ആത്മപരിശോധനയ്ക്കുമുള്ള അവസരം

Byadmin

Apr 18, 2025


കൊല്‍ക്കത്ത: ദുഃഖവെള്ളിയുടെ ത്യാഗനിര്‍ഭരമായ ഓര്‍മയില്‍, പശ്ചിമ ബംഗാളിലും രാജ്യമെമ്പാടുമുള്ള സഹോദരീ സഹോദരന്മാര്‍ക്ക് ഗവര്‍ണര്‍ ഡോ സിവി ആനന്ദ ബോസ് പ്രത്യാശയും സമാധാനവും നേര്‍ന്നു.

ഈസ്റ്റര്‍ ഞായറാഴ്ചയിലേക്കുള്ള യാത്രയില്‍ ദുഃഖവെള്ളിക്ക് വലിയ പ്രാധാന്യമുണ്ട്. യേശുവിന്റെ പീഡാനുഭവങ്ങളും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും സഹനം, ക്ഷമ, സേവനം, മനുഷ്യരാശിയോടുള്ള അവന്റെ നിത്യസ്‌നേഹം എന്നിവയെ ഉയര്‍ത്തിക്കാട്ടുന്നു.

ആത്മീയ നവീകരണത്തിനും ആത്മപരിശോധനയ്‌ക്കുമുള്ള അവസരമാണ് ദുഃഖവെള്ളി. കുരിശുമരണത്തിന് മുമ്പ് യേശു അന്ത്യ അത്താഴം കഴിച്ചു. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള യേശുക്രിസ്തുവിന്റെ നിത്യതയിലേക്കുള്ള സന്ദേശമായിരുന്നു അത്. എന്തെന്നാല്‍, അവസാനത്തെ അത്താഴ വേളയില്‍ അപ്പം മുറിക്കുമ്പോള്‍ യേശു പറഞ്ഞു, ‘എടുക്കൂ, ഭക്ഷിക്കൂ, ഇത് എന്റെ ശരീരമാണ്.’ പിന്നെ, ഒരു പാനപാത്രം വീഞ്ഞു കൊടുത്തുകൊണ്ട് അവന്‍ പറഞ്ഞു, ‘ഇത് അനേകര്‍ക്കുവേണ്ടി പാപമോചനത്തിനായി ചൊരിയപ്പെടുന്ന ഉടമ്പടിയുടെ രക്തമാണ്’ (മത്തായി 26:26-28).

യേശു തന്റെ ശിഷ്യന്മാര്‍ക്ക് ഒരു പുതിയ കല്‍പ്പന നല്‍കി, ‘നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും’ (യോഹന്നാന്‍ 13:34-35).

ഇത് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.
എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമെന്ന് തെളിയിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജീവിതം നമുക്ക് പ്രത്യാശ നല്‍കട്ടെ. ഈ ദുഃഖവെള്ളി നിങ്ങള്‍ക്ക് സമാധാനവും ചിത്തനവീകരണവും നല്‍കട്ടെ.

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നിങ്ങളുടെ ഹൃദയത്തില്‍ പ്രത്യാശയും സന്തോഷവും നിറയ്‌ക്കട്ടെ. ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആത്മാവ് നമ്മുടെ യാത്രയില്‍ നമ്മെ നയിക്കട്ടെ – ആനന്ദബോസ് സന്ദേശത്തില്‍പറഞ്ഞു

 

 



By admin