കൽപറ്റ: മുസ്‌ലിം ലീഗിൻ്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം ആര് തടസപ്പെടുത്തിയാലും പ്രവർത്തിയുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിൻ്റെ ഭവന പദ്ധതിക്കെതിരായ മേപ്പാടി പഞ്ചായത്തിന്റെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു. നിയമപരമായാണ് മുന്നോട്ട് പോകുന്നത്. സർക്കാരിന്റെയും മന്ത്രിമാരുടെയും പിന്തുണയുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗിൻ്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതിക്കെതിരെ വീണ്ടും മേപ്പാടി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടത്തുന്നുവെന്ന് കാണിച്ചാണ് നോട്ടീസ്. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് നടപടിക്രമം പൂർത്തീകരിക്കുന്നതിന് മുൻപേ കെട്ടിട നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.