• Sat. Feb 8th, 2025

24×7 Live News

Apdin News

ദുരൂഹത ഒഴിയാതെ ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം

Byadmin

Feb 7, 2025


തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ ദുരൂഹത ഒഴിയുന്നില്ല.അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ ശ്രീതു ദേവസ്വം ബോര്‍ഡിന് കീഴില്‍ ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസിനെ രേഖാമൂലം അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരിലാണ് ശ്രീതു വ്യാജ നിയമന ഉത്തരവ് തയാറാക്കിയത്.എന്നാല്‍ നിയമന ഉത്തരവ് അച്ചടിച്ചുണ്ടാക്കിയത് എവിടെവെച്ചാണെന്ന് ഇതുവരെ യുവതി വെളിപ്പെടുത്തിയിട്ടില്ല. എങ്ങനെയൊക്കെ ചോദിച്ചിട്ടും ശ്രീതു മിണ്ടുന്നില്ല.

ഇതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി.രണ്ടു വയസുകാരിയുടെ കൊലപാതകത്തിന്റെ കാരണം വ്യക്തമാകാതെ ഇരിക്കുമ്പോഴാണ്അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതികളുയര്‍ന്നത്.

നെയ്യാറ്റിന്‍കര സ്വദേശി ഷിജുവിന്റെ പരാതിയിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ നിയമനം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് പരാതി. ദേവസ്വം ബോര്‍ഡില്‍ സെക്ഷന്‍ ഓഫീസര്‍ എന്ന് പരിചയപ്പെടുത്തി ഒരു വര്‍ഷം മുമ്പ് ശ്രീതുവിന്റെ പേരിലുള്ള വ്യാജ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഡ്രൈവറായി നിയമിച്ചുള്ള ഉത്തരവ് കൈമാറി.

28000 രൂപ ശമ്പളത്തിലാണ് നിയമനം എന്നാണ് ഉത്തരവിലുള്ളത്. ശ്രീതുവിന്റെ ഓഫീഷ്യല്‍ ഡ്രൈവറെന്നാണ് പറഞ്ഞത്.എന്നാല്‍ ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസില്‍ കയറ്റിയിരുന്നില്ല. ആവശ്യം വരുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഓഫിസിന് മുന്നില്‍ കാറുമായി എത്താനായിരുന്നു നിര്‍ദേശം.അവിടെ വെച്ച് ശ്രീതു കാറില്‍ കയറും. തുടക്കത്തില്‍ ശമ്പളം കൃത്യമായി നല്‍കിയെങ്കിലും പിന്നീട് കുടിശിക വന്നു. പരാതിപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ ഒരുമിച്ചു നല്‍കി. കുഞ്ഞു മരിച്ചതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് തട്ടിപ്പിനിരയായി എന്ന് മനസിലായതെന്നാണ് ഷിജുവിന്റെ മൊഴി.

അതേസമയം, ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന്് മെഡിക്കല്‍ കോളേജ് ആശിപത്രിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി.

 



By admin