• Wed. Jan 15th, 2025

24×7 Live News

Apdin News

ദുല്‍ഖറിന്റെ വയലന്‍സ് എത്തിച്ചേര്‍ന്നില്ല; വയലന്‍സിലൂടെ പാന്‍ ഇന്ത്യ നായകനായി ഉണ്ണി മുകുന്ദന്‍

Byadmin

Jan 15, 2025


തിരുവനന്തപുരം: ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകരുടെ മനസ്സ് പ്രത്യേകമായി കവര്‍ന്ന ഒരു പാന്‍ ഇന്ത്യന്‍ നായകനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യയാകെ പ്രസക്തിയുള്ള പട്ടാളക്കഥകളും നല്ല കഥാപ്രാധാന്യവുമുള്ള സിനിമകളിലെ നായകനായി യുവാക്കളുടെ ഹൃദയം കവരുക എന്ന തന്ത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വീകരിച്ചുവരുന്നത്.

പക്ഷെ ഇതിന് തൊട്ടുമുന്‍പ് ദുല്‍ഖര്‍ വയലന്‍സിലൂടെ പാന്‍ ഇന്ത്യന്‍ നായകനാകാന്‍ ഒരു ശ്രമം നടത്തിയിരുന്നു. 50 കോടി മുടക്കി നിര്‍മ്മിച്ച കിങ്ങ് ഓഫ് കൊത്ത എന്ന സിനിമയില്‍ ഒരു വയലന്‍റ് നായകനാകാനുള്ള ശ്രമമാണ് ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയത്. വളരെ പരിശ്രമശാലിയായ അഭിനേതാവായ ദുല്‍ഖര്‍ ശ്രമിച്ചത് വയലന്‍സിലൂടെ സൂപ്പര്‍താര സിംഹാസനത്തിലേക്ക് എത്തിച്ചേരാനുള്ള പാതയായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ വയലന്‍സ് ധാരാളമുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ ലക്ഷ്യം നേടിയെടുക്കാന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ്ങ് ഓഫ് കൊത്തയ്‌ക്ക് സാധിച്ചില്ല. അതിലെ സിനിമോട്ടോഗ്രാഫറായ നിമിഷ് രവി കിങ്ങ് ഓഫ് കൊത്ത പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിലുള്ള തന്റെ വേദന ഈയിടെ പങ്കുവെച്ചിരുന്നു.

പക്ഷെ ദുല്‍ഖര്‍ ആ പരാജയവും കടന്ന് മുന്നോട്ട് പോയിരിക്കുന്നു. അതിലാണ് ദുല്‍ഖറിന്റെ വിജയം. പരാജയങ്ങളില്‍ വീണുപോകാതെ വീണ്ടും എഴുന്നേറ്റ് നടക്കാനുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഒന്ന് വേറെ തന്നെയാണ്. അതിന് ശേഷമാണ് ലക്കി ഭാസ്കര്‍ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ വിജയം നേടിയത്. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ 115 കോടി തിയറ്ററില്‍ നിന്നു മാത്രം നേടി. വെങ്കി അട്ടൂരി സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചത് നാഗവംശിയാണ്. അതായത് തെലുങ്കിലെ മുഖ്യധാര സംവിധായകനും നിര്‍മ്മാതാവും ദുല്‍ഖര്‍ സല്‍മാനം വിശ്വസിക്കാന്‍ തയ്യാറായിരിക്കുന്നു. ഒരു താരത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. ഇതിന് മുന്‍പ് സീതാരാമം എന്ന പട്ടാളക്കഥയിലൂടെയും ദുല്‍ഖര്‍ അതേ പാന്‍ ഇന്ത്യന്‍ വിജയം നേടിയരുന്നു. ആകര്‍ഷകമായ വിജയമായിരുന്നു സീതാരാമത്തിന്‍റേത്. 30 കോടി ചെലവില്‍ നിര്‍മ്മിച്ച ചിത്രം തിയറ്ററില്‍ നിന്നു മാത്രം 91.4 കോടി നേടി. ഒടിടി വരുമാനം വേറെ.

പക്ഷെ ദുല്‍ഖര്‍ സല്‍മാന് ഇവിടെ മിസ് ചെയ്ത ഒരു ഘടകമുണ്ട്. വയലന്‍സിലൂടെ നായകപദവി നേടാനുള്ള ശ്രമമാണ് മിസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്റെ പിതാവ് മമ്മൂട്ടി അത് നേടിയെടുത്ത നായകനാണ്. പലപ്പോഴും ഒരു സൂപ്പര്‍ സ്റ്റാര്‍ ഭാഷയുടെ അതിരുകള്‍ ഭേദിച്ച് പൊടുന്നനെ പടര്‍ന്നുപന്തലിക്കുന്നത് വയലന്‍സ് കാട്ടി തിയറ്ററില്‍ കയ്യടി നേടുമ്പോഴാണ്. ആ സൗഭാഗ്യം ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ നേടിയിരിക്കുന്നു.

30 കോടി രൂപയില്‍ നിര്‍മ്മിച്ച മാര്‍ക്കോ എന്ന അസാധാരണ വയലന്‍റ് മൂവിയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അത് സാധിച്ചെടുത്തത്. കത്തികൊണ്ട് നെഞ്ചിലുണ്ടാക്കുന്ന മുറിവിന്റെ വിടവിലൂടെ കൈ കടത്തി ശത്രുവിന്റെ ഹൃദയം പറിച്ചെടുക്കുന്നത് വരെയുള്ള അമ്പരപ്പിക്കുന്ന വയലന്‍സുകളാണ് ചിത്രത്തില്‍. ചോരയുടെ കളിയാണ് സിനിമയില്‍ ഉടനീളം. പക്ഷെ അസാമാന്യ കയ്യടക്കത്തോടെ മാര്‍ക്കോയിലെ പീറ്റര്‍ എന്ന ദത്തുപുത്രനെ അദ്ദേഹം അനശ്വരമാക്കിയിരുന്നു. തന്നെ ദത്തെടുത്ത കുടുംബത്തിന് വേണ്ടി, അവര്‍ അത്ര പ്രാധാന്യം നല്‍കുന്നില്ലെങ്കിലും, മരിക്കാന്‍ വരെ തയ്യാറാകുന്ന പീറ്റര്‍. കെജിഎഫ് ഫെയിം ആയ സംഗീതസംവിധായകന്‍ രവി ബസ്രൂര്‍ സൃഷ്ടിച്ച മ്യൂസിക്കും കലൈ കിംഗ്സന്റെ സ്റ്റണ്ടും ഉണ്ണി മുകുന്ദന് സൂപ്പര്‍ സ്റ്റാര്‍ഡം നല്‍കിക്കൊടുത്തതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം തന്റെ ഉള്ളില്‍ മെരുങ്ങാതെ കിടക്കുന്ന ഒരു അക്രമവാസനയുണ്ടെന്നും അതാണ് തനിക്ക് ഇത്രയേറെ വയലന്‍സ് വിശ്വസനീയമായി ചെയ്തുതീര്‍ക്കാന്‍ സഹായിച്ചതെന്നുമുള്ള ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തലും പീറ്റര്‍ എന്ന കഥാപാത്രത്തെ ഒരു മിത്ത് പോലെ യുവാക്കളുടെ ഭാവനയില്‍ പകര്‍ന്നാടുന്നതില്‍ സഹായിച്ചിട്ടുണ്ട്.

മാര്‍ക്കോയിലെ പീറ്ററിന് ഭാഷയുടെ മതില്‍ക്കെട്ട് തന്റെ വയലന്‍റ് ആക്ടിലൂടെ തകര്‍ക്കാന്‍ സാധിച്ചു എന്നതിലാണ് ഉണ്ണിയുടെ വിജയം. ഉത്തരേന്ത്യന്‍ തീയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ മാര്‍ക്കോയ്‌ക്ക് സാധിച്ചു. 30 കോടി ചെലവില്‍ നിര്‍മ്മിച്ച സിനിമ അതിവേഗം 100 കോടി കൊയ്തു. വയലന്‍സിലൂടെ 100 കോടി കൊയ്യുക എന്നതിനര്‍ത്ഥം. അയാള്‍ ഒരു സൂപ്പര്‍ താരമായിക്കഴിഞ്ഞു എന്ന് തന്നെയാണ്. വയലന്‍സ് കാട്ടി പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന പാന്‍ ഇന്ത്യ സൂപ്പര്‍ താരം അതാണ് ഉണ്ണി മുകുന്ദന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ്. 50 ഫൈറ്റര്‍മാരുമായി വരെ ഇടികൂടുന്ന നീളന്‍ സീനുകള്‍ ചിത്രത്തിലുണ്ട്. സ്റ്റണ്ട്മാസ്റ്ററുടെ പ്രൊഫഷണല്‍ അടിക്കാരാണ് ഇവര്‍.പക്ഷെ സീന്‍ എടുക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ പഠിപ്പിച്ച രീതിയ്‌ക്കപ്പുറം സ്വന്തം രീതിയില്‍ സ്വാഭാവികമായി ഇവരെ അടിച്ചുവീഴ്‌ത്തുകയായിരുന്നു. അതായത് ഉണ്ണി മുകുന്ദനുള്ളിലെ ഒരു നാച്ചുറല്‍ വയലന്‍റ് ബീസ്റ്റാണ് സ്റ്റണ്ട് സീനുകളില്‍ പലപ്പോഴും പുറത്തുവന്നത്. അതുകൊണ്ട് തന്നെ സുദീര്‍ഘമായ സ്റ്റണ്ട് സീക്വന്‍സിന് വിശ്വസനീയമായ ഒരു സിംഫണി ഉണ്ടായതും ചിത്രത്തിന്റെ വിജയത്തെ സഹായിച്ചു.

അസാധാരണ വിജയം സമ്മാനിച്ച മാര്‍ക്കോ ഉണ്ണി മുകുന്ദന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. മലയാളം സൂപ്പര്‍ താരപദവി ആഗ്രഹിച്ചിരുന്ന ഉണ്ണിയ്‌ക്ക് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരപദവിയാണ് മാര്‍ക്കോ സമ്മാനിച്ചത്. ഇപ്പോള്‍ ശതകോടികളുടെ പാന്‍ ഇന്ത്യന്‍ ഓഫറുകള്‍ ഉണ്ണി മുകുന്ദനെ തേടിയെത്തുന്നതായും വാര്‍ത്തയുണ്ട്.

വയലന്‍സ് ചെയ്യാനുള്ള കഴിവാണ് ഇന്ത്യന്‍ സിനിമയില്‍ പലപ്പോഴും സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കുന്നത്. അതാണ് അസാമാന്യ വയലന്‍സിന് സാക്ഷ്യം വഹിക്കുന്ന മാര്‍ക്കോയിലൂടെ ഉണ്ണി മുകുന്ദന്‍ സാധിച്ചെടുത്തത്. ഏകദേശം കെജിഎഫിലെ യാഷിനെപ്പോലെ ഒരു സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ഉണ്ണി മുകന്ദന്‍.



By admin