ഭുവനേശ്വർ : ഒഡീഷയിലെ കട്ടക്ക് നഗരത്തിൽ ദുർഗാ പൂജ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയും മറ്റ് തെളിവുകളിലൂടെയും പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് കമ്മീഷണർ എസ്. ദേവദത്ത് സിംഗ് തിങ്കളാഴ്ച പറഞ്ഞു.
കല്ലേറ്, അക്രമം, നാശനഷ്ടങ്ങൾ, സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണം എന്നീ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ചോദ്യം ചെയ്യലിനായി അവർ ഇപ്പോൾ കസ്റ്റഡിയിലാണ്. റാലിക്കിടെ പോലീസിനു നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് നഗരത്തിൽ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയതായി പോലീസ് കമ്മീഷണർ നേരത്തെ അറിയിച്ചിരുന്നു.
സ്ഥിതിഗതികൾ ഇപ്പോൾ സാധാരണ നിലയിലാണെന്നും പുതിയ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാപകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം കട്ടക്കിലുടനീളമുള്ള 13 പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കർഫ്യൂ പ്രാബല്യത്തിൽ ഉണ്ട്. ക്രമസമാധാന പാലനത്തിനായി നഗരത്തിലുടനീളം അറുപത് പ്ലാറ്റൂണുകൾ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
കൂടാതെ സമാധാനം നിലനിർത്തുന്നതിനും കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകുന്നത് തടയുന്നതിനുമായി എട്ട് കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെ – റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്), ബിഎസ്‌എഫ്, സിആർപിഎഫ്, ഒഡീഷ സ്വിഫ്റ്റ് ആക്ഷൻ ഫോഴ്‌സ് – സെൻസിറ്റീവ് സ്ഥലങ്ങളിലും കവലകളിലും വിന്യസിച്ചിട്ടുമുണ്ട്.