
ഒരുവന്റെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും ദൃഷ്ടിദോഷം ബാധിക്കാം. ഇത് അന്ധവിശ്വാസമാണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞാലും ആധുനിക കാലത്ത് ഒളിഞ്ഞും തെളിഞ്ഞും ദൃഷ്ടിദോഷ പരിഹാരങ്ങൾ ചെയ്യുന്നവരുണ്ട് .
പുതിയതായി വാഹനം വാങ്ങിയാൽ അതിന്റെ മുന്നിലായി പൂജിച്ച മാലയോ ശംഖോ ശ്രദ്ധയാകർഷിക്കുന്ന മറ്റു വസ്തുക്കളോ തൂക്കിയിടുന്നത് പതിവാണ് . ഇവയെല്ലാം ദൃഷ്ടിദോഷം ബാധിക്കാതിരിക്കാൻ ചെയ്യുന്നവയാണ്.
കുഞ്ഞുങ്ങളെ പുറത്തേക്കു കൊണ്ടുപോകുന്ന അവസരത്തിൽ കണ്ണേറ് ഏൽക്കാതിരിക്കാൻ ചെവിയുടെ പുറകിലോ, കാൽവെള്ളയിലോ കറുത്തപൊട്ട് ഇടുക, കരിവളകൾ അണിയിക്കുക, ഒരു പാണലിന്റെ ഇല കുഞ്ഞിന്റെ ദേഹത്തെവിടേലും മറ്റുള്ളവർ കാണാത്ത രീതിയിൽ വയ്‌ക്കുക എന്നീ ആചാരങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. ഗർഭിണികൾ പുറത്തിറങ്ങുമ്പോൾ കണ്ണു കിട്ടാതിരിക്കാൻ കൈയിൽ ഒരു ഇരുമ്പുകഷണമോ പാണൽ ഇലയോ കരുതാൻ പഴമക്കാർ പറയും.
ഇതിനു ശാസ്ത്രീയമായ അടിസ്ഥാനമെന്തെന്നാൽ പാണനില വൈറസുകൾക്കെതിരെയുള്ള ഔഷധമാണ്. ഇരുമ്പ് ആവശ്യമില്ലാത്ത പ്രാണവായുവിനെ വലിച്ചെടുക്കും. ഗർഭിണിക്ക് പോസിറ്റീവായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ഉദേശമായിരുന്നു ഇത്തരം പ്രയോഗങ്ങൾക്കു പിന്നിൽ.
പുറത്തുപോയിട്ട് വരുമ്പോഴും അപരിചിതർ കുഞ്ഞിനെ കാണാൻ വരുമ്പോഴും കണ്ണേറു പറ്റാതിരിക്കാന്‍ പണ്ടുള്ളവർ ചെയ്യുന്ന ആചാരമാണ് കടുകും മുളകും ഉഴിഞ്ഞിടൽ. കടുകു തൂവാതെ ഉപ്പും മുളകും കടുകും കയ്യിലെടുത്ത് ‘ഓം നമഃശിവായ’ ചൊല്ലി 3 തവണ ഉഴിഞ്ഞ് അടുപ്പിലേക്ക് ഇടുന്നതാണ് ചടങ്ങ്. മുളക് കത്തുന്ന രൂക്ഷഗന്ധം വന്നില്ലെങ്കിൽ ദൃഷ്ടിദോഷം മാറിയില്ലെന്നും ഒരു തവണ കൂടി ഉഴിഞ്ഞിടണമെന്നുമാണ് മുത്തശ്ശിമാർ പറയുന്നത്. മുതിർന്നവരെയും ഇതുപോലെ ഉഴിഞ്ഞിടാവുന്നതാണ്.