തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നിലെ ഗൂഢാലോചനയില്‍ നിലവിലെ ദേവസ്വം ബോർഡും പങ്കാളികളാണെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ വ്യക്തമായെന്ന് വി.മുരളീധരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അല്‍പമെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ പി.എസ് പ്രശാന്തിനോട് രാജി ആവശ്യപ്പെടണം. ഇല്ലെങ്കില്‍ ബോര്‍ഡിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. 2022 ല്‍ ഏറ്റുമാനൂര്‍ക്ഷേത്രത്തിലെ ക്രമക്കേടില്‍ മുരാരി ബാബുവിനെതിരെ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുത്തിട്ടും ആ റിപ്പോര്‍ട്ട് മുക്കുകയായിരുന്നു. ദേവസ്വം മന്ത്രി വാസവനാണ് മുരാരി ബാബുവിനെ സംരക്ഷിച്ച് നിർത്തുന്നത്. വാസവന് ദേവസ്വം മന്ത്രിയായി തുടരാന്‍ യോഗ്യതയില്ല.ശബരിമല സ്വര്‍ണക്കൊള്ളക്ക് കൂട്ടുനിന്നവരുടെ കീഴില്‍ കേരളത്തിലെ ഒരു ക്ഷേത്രവും സുരക്ഷിതമല്ല.
ബോർഡിനെ പിരിച്ചുവിടുക, ദേവസ്വം മന്ത്രിയുടെ രാജി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് ബിജെപി കടക്കുമെന്നും അദ്ദേഹം പറഞ്ഞു.