ന്യൂദൽഹി: ശബരിമലയിലെ മാത്രമല്ല ദേവസ്വം ബോർഡുകൾക്ക് കീഴിലുളള കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടേയും സ്വത്തുക്കൾ പരിശോധിച്ച് രേഖപ്പെടുത്തണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സമഗ്രമായ പരിശോധന ക്ഷേത്ര ഭൂമിയിലും സ്വർണ്ണ ശേഖരത്തിലും ആവശ്യമാണ്. ശബരിമലയിൽ മാത്രമാണോ മറ്റു ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. ഇതുവരെ 25,000 ഏക്കർ ക്ഷേത്രഭൂമി കേരളത്തിലെ ദേവസ്വങ്ങൾക്ക് നഷ്ടമായിട്ടുണ്ടെന്നും ഇതു തിരിച്ചു പിടിക്കാൻ ബോർഡുകൾ യാതൊന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ദൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിരവധി അഴിമതികൾ നടത്തിയ പിണറായി സർക്കാർ അമ്പലങ്ങളുടെ സ്വത്തിലും കണ്ണുവെച്ചിരിക്കുകയാണ്. ദേവസ്വം ഭരണം ഭക്ത ജനങ്ങൾക്ക് വിട്ടുനൽകണം എന്ന ആവശ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ ശക്തമായി എതിർക്കുന്നതിന് കാരണം അവരുടെ കണ്ണ് ക്ഷേത്ര സ്വത്തുക്കളിലായതുകൊണ്ടാണ്. ദേവസ്വം ബോർഡുകൾ സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെ തുടരും എന്ന നിലപാടാണ് അയ്യപ്പ സംഗമത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്. അതിന് കാരണം ഇപ്പോൾ എല്ലാവർക്കും മനസിലായിട്ടുണ്ട്.
ശബരിമലയിലെ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒക്ടോബർ 8 ന്
ബിജെപി ക്ളിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി. ശബരിമലയിലെ കൊള്ള പുറത്തു വന്നിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പിരിച്ചുവിടാതെ സംരക്ഷിക്കുക മാത്രമല്ല കാലാവധി നീട്ടി നൽകാനും സർക്കാർ ശ്രമിക്കുന്നത് ദുരൂഹമാണ്. പിണറായിയുടെ കീഴിലുള്ള ഏതെങ്കിലും ഏജൻസിയല്ല, സ്വതന്ത്ര ഏജൻസി തന്നെ അന്വേഷിക്കണം. കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് ശബരിമലയിൽ ആവശ്യം. ശബരിമലയിലെ തട്ടിപ്പുകൾ എന്നു തുടങ്ങി, ആരു തുടങ്ങി എന്നത് അന്വേഷണ പരിധിയിൽ കൊണ്ടു വരണം. കിലോക്കണക്കിന് സ്വർണ്ണമാണ് കാണാതായിരിക്കുന്നത്.
ശബരിമല സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വംമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്‌ക്കണം. കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും ആസ്തികൾ പരിശോധിക്കണം. ഭൂമിയും സ്വർണ്ണാഭരണങ്ങളുമടക്കം എന്തൊക്കെ നഷ്ടമായി എന്ന് ഭക്തർക്ക് അറിയണം. ക്ഷേത്രങ്ങൾ സഖാക്കന്മാരുടേയും കോൺഗ്രസുകാരുടേയുമൊന്നും സ്വകാര്യ സ്വത്തല്ല, ഹിന്ദു വിശ്വാസികളുടേതാണ് എന്നോർമ വേണം.
ശബരിമലയിൽ ഇത്രയും നടന്നിട്ടുണ്ടെങ്കിൽ മറ്റു ക്ഷേത്രങ്ങളിലും വലിയ മോഷണം നടന്നിട്ടുണ്ട് എന്നുറപ്പാണ്. നിരവധി പേരാണ് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്ന ബോർഡ് ഭാരവാഹികൾക്കെതിരെ പരാതിപ്പെടുന്നത്. ക്ഷേത്ര സ്വത്ത് കൊള്ളയടിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ തങ്ങൾക്ക് പങ്കില്ല എന്ന സംസ്ഥാന സർക്കാർ നിലപാട് അപഹാസ്യമാണ്. ഹമാസും പാലസ്തീനുമല്ല ജനങ്ങളെ ബാധിക്കുന്ന വിഷയം. തൊഴിലില്ലായ്‌മയും വില കയറ്റവും അടക്കമുള ജനകീയ വിഷയങ്ങളാണ് ജനങ്ങളെ ബാധിക്കുന്നത്. അഴിമതിക്കാരായ ഇടതു വലതുമുന്നണികൾ വേണമോ വേണ്ടയോ എന്നത് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കും. 2014 ൽ രാജ്യത്തെ ജനങ്ങൾ അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കി നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിലെത്തിച്ചതു പോലെ വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ പിണറായി സർക്കാരിനെ തള്ളി ജനം ബിജെപിയെ പിന്തുണയ്‌ക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു.