• Sat. Nov 15th, 2025

24×7 Live News

Apdin News

ദേവസ്വം ബോര്‍ഡില്‍ നടക്കുന്നത് സിപിഎമ്മിന്റെ സമാന്തര ഭരണം

Byadmin

Nov 15, 2025



പത്തനംതിട്ട: ഏഴ് വര്‍ഷമായി ദേവസ്വം ബോര്‍ഡില്‍ നടക്കുന്നത് സിപിഎമ്മിന്റെ സമാന്തര ഭരണം. 2019-ല്‍ ഡെ. കമ്മിഷണര്‍ പദവിയില്‍ നിന്ന് വിരമിച്ച സന്തോഷ് കുമാറാണ് ബോര്‍ഡ് ആസ്ഥാനത്തിരുന്ന് പാര്‍ട്ടി നിര്‍ദേശപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞദിവസം ദേവസ്വം സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ബിന്ദുവിന്റെ ഭര്‍ത്താവാണ് സന്തോഷ് കുമാര്‍. ബോര്‍ഡിലെ ഉന്നത പദവിയിലുള്ള സെക്രട്ടറി നോക്കേണ്ട ഫയലുകള്‍ കൈകാര്യം ചെയ്തത് സന്തോഷ് ആയിരുന്നു.

കടുത്ത ആര്‍എസ്എസ് വിരോധിയായ ഇയാള്‍ നിലമേല്‍ എന്‍എസ്എസ് കോളജ് വിദ്യാര്‍ത്ഥി ആയിരിക്കേ സ്വയംസേവകനായ ദുര്‍ഗാദാസിന്റെ കൊലപാതകത്തില്‍ ആരോപണവിധേയനായിരുന്നു.

സര്‍വീസില്‍ നിന്ന് വിരമിച്ച ഉടന്‍ തുടങ്ങിയതാണ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സന്തോഷ് കുമാറിന്റെ വിളയാട്ടം. ദേവസ്വം അക്കൗണ്ട്‌സ് വിഭാഗത്തില്‍ ഡബിള്‍ എന്‍ട്രി റെക്കന്‍സിലിയേഷന്‍ പെന്‍ഡിങ് ജോലികള്‍ തീര്‍ക്കാനായിരുന്നു ഇയാളുടെ പുനര്‍നിയമനമെങ്കിലും ഭരണകാര്യങ്ങളിലാണ് ഇയാള്‍ ഇടപെട്ടിരുന്നത്.

രഹസ്യസ്വഭാവമുള്ള സുപ്രധാന ഫയലുകളില്‍ പോലും ബോര്‍ഡ് സെക്രട്ടറിക്കു വേണ്ടി ഇയാളാണ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.

ബോര്‍ഡിലെ മുഴുവന്‍ ഫയലുകളും സന്തോഷിന്റെ കൈകളിലൂടെയാണ് കടന്നുപോകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സിപിഎമ്മിനു വേണ്ടി ഫയലുകള്‍ നീക്കുന്ന ഇയാള്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 40,000 രൂപ ഓണറേറിയം. ബോര്‍ഡില്‍ നിന്ന് വിരമിച്ച നൂറുകണക്കിന് ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാതെ വലയുമ്പോഴും സന്തോഷിന് മുടങ്ങാതെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.

സന്തോഷിന്റെ നേതൃത്വത്തിലാണ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ബോര്‍ഡ് പ്രസിഡന്റിനും മുകളിലാണ് ഇയാളുടെ ആധിപത്യം.

പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ്, 2019- ല്‍ വിരമിച്ച സന്തോഷിനെ ബോര്‍ഡ് ആസ്ഥാനത്ത് കുടിയിരുത്തിയതെന്ന ആക്ഷേപം ശരിവെക്കുന്ന രീതിയിലാണ് ഇയാളുടെ പ്രവര്‍ത്തനം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഇന്ന് കെ. ജയകുമാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഈ സമാന്തര ഭരണം അവസാനിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

By admin