• Thu. Nov 6th, 2025

24×7 Live News

Apdin News

ദേവസ്വം ബോര്‍ഡ് :പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നല്‍കുന്നതില്‍ അന്തിമ തീരുമാനം വെളളിയാഴ്ച

Byadmin

Nov 6, 2025



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വെളളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍.ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും കണക്കിലെടുത്ത് പി എസ് പ്രശാന്തിനും സിപിഐ പ്രതിനിധി എ അജികുമാറിനും കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.

മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണസമിതി വന്നാല്‍ ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കാട്ടി പിഎസ് പ്രശാന്തിനും അജികുമാറിനും കാലാവധി നീട്ടി നല്‍കാനുള്ള നീക്കം ഉണ്ടായിരുന്നു.ഓര്‍ഡിനന്‍സ് ഇറക്കി കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. നിലവിലെ ദേവസ്വം ബോര്‍ഡിനെയും കുറ്റക്കാരാക്കി ഒന്നാം ഇടക്കാല റിപ്പോര്‍ട്ടില്‍ ചില നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു.ഈ പശ്ചാത്തലത്തില്‍ കാലാവധി നീട്ടി നല്‍കിയാല്‍ മറ്റ് രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അഭിപ്രായമുയര്‍ന്നിട്ടുളളത്. സിപിഐയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അംഗമാകുമെന്നാണ് സൂചന.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയ നിഴലില്‍ ആക്കുന്ന
പരാമര്‍ശങ്ങള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസവും നടത്തിയിരുന്നു.നിലവിലെ ഭരണസമിതിയുടെ മിനിറ്റ്സില്‍ ഗുരുതര ക്രമക്കേടുകള്‍ എന്നാണ് കണ്ടെത്തല്‍. 2025ല്‍ കോടതി അനുമതി ഇല്ലാതെ ദ്വാരപാലകപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് 2019 ലെ ക്രമകേട് മറച്ചുവെക്കാനെന്നും ഹൈക്കോടതി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്.

 

By admin