• Tue. Nov 11th, 2025

24×7 Live News

Apdin News

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് ചെയ്തു

Byadmin

Nov 11, 2025



പത്തനംതിട്ട :ശബരിമല കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പതിനാലു ദിവസത്തേക്ക് റിമാന്‍ഡില്‍. കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.പ്രത്യേക അന്വേഷണ സംഘം പിന്നീട് കസ്റ്റഡി അപേക്ഷ റാന്നി കോടതിയില്‍ നല്‍കും. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.

ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍ വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസില്‍ മൂന്നാം പ്രതിയാക്കിയത്. അറസ്റ്റിലായ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴി പ്രകാരം പ്രത്യേക അന്വേഷണ സംഘം എന്‍. വാസുവിനെ നേരത്തെ ചോദ്യംചെയ്തിരുന്നു.

സ്വര്‍ണം പൂശിയ ശേഷം സ്പോണ്‍സറുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം. എന്‍. വാസു പ്രസിഡന്റായിരിക്കെയാണ് സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി, ബാക്കി സ്വര്‍ണം ഉണ്ടെന്നും ഇത് പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ച് ഇ-മെയില്‍ സന്ദേശം അയച്ചത്. ഇക്കാര്യത്തില്‍ വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല.

എന്‍ വാസുവിന്റെ അറസ്റ്റോടെ, സ്വര്‍ണക്കൊള്ള കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി,ദേവസ്വം മുന്‍ ഉദ്യോഗസ്ഥരായ മുരാരി ബാബു, കെഎസ് ബൈജു, സുധീഷ് കുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നാല് പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സി പി എം നേതാവ് പി കെ ഗുരുദാസന്‍ മന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എന്‍ വാസു. സി പി എം നേതൃത്വവുമായി അടുത്ത ബന്ധമാണ് വാസുവിനുളളത്.

 

 

By admin