തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ദേവസ്വം ഭാരവാഹികളുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വീണ്ടും ദല്‍ഹിയിലേക്ക് പോകും. ദേവസ്വം ഭാരവാഹികളുമായി ദല്‍ഹിയിലെത്തി മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച . തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഈ വിഷയം ചര്‍ച്ച ചെയ്യും.. കേന്ദ്ര സ്‌ഫോടക വസ്തു നിയമപ്രകാരം തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കാനാകാത്തതിനാലാണ് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. നിയമഭേദഗതിയ്‌ക്ക് വേണ്ടിയാണ് ദേവസ്വങ്ങളുടെ ശ്രമം.
അതിനിടെ,തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടി്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്നാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര ഒഴിച്ചിട്ട്, 200 മീറ്ററെന്ന ദൂരപരിധി നിബന്ധന മറികടക്കാനാവുമോ എന്നതിലാണ് നിയമോപദേശം തേടിയിട്ടുളളത്.
വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മിലുള്ള അകലം 200 മീറ്ററാക്കി തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് സാധ്യമല്ല. കഴിഞ്ഞ ജനുവരി മൂന്നിനും അഞ്ചിനും തിരുവമ്പാടി പാറമേക്കാവ് വേലയ്‌ക്ക് വെടിക്കെട്ട് നടത്താന്‍ കോടതി അനുവാദം നല്‍കിയത് വെടിക്കെട്ട് പുര ഒഴിവാക്കിയാണ്.. ആവശ്യമുള്ള വെടിക്കെട്ട് സാമഗ്രികള്‍ നേരിട്ട് പൂരപ്പറമ്പിലെത്തിച്ച് നിറച്ച് പൊട്ടിക്കുന്ന രീതി പൂരത്തിനും നടത്താനാവുമോ എന്നാണ് ജില്ലാ കളക്ടര്‍ എജിയോട് ആരാഞ്ഞത്. മേയ് ആറിനാണ് ഇത്തവണത്തെ തൃശൂര്‍ പൂരം.