
എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗീതം ആലപിച്ചത് ചിലര്‍ വലിയ വിവാദമാക്കി വളര്‍ത്തിക്കൊണ്ട് വന്നിരിക്കുകയാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുമൊക്കെ രാജ്യത്തിന് എന്തോ അത്യാപത്ത് സംഭവിച്ചിരിക്കുന്നു എന്ന മട്ടിലാണ് പ്രതികരിച്ചത്.
വിദ്യാര്‍ഥികള്‍ ദേശഭക്തി ഗീതം ആലപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും, ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്ത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു.
പ്രോട്ടോകോള്‍ പാലിക്കണമായിരുന്നു. ഇത് അഹങ്കാരത്തിന്റെ സ്വരമാണ്. സാമാന്യ മര്യാദ പാലിച്ചില്ല. പെട്ടെന്ന് കൊണ്ടുവന്ന് പാടിച്ചതല്ല. ഏത് സ്‌കൂളായാലും മതേതരത്വത്തെ വെല്ലുവിളിക്കുന്ന നടപടി അനുവദിക്കില്ല. എന്‍ഒസി കൊടുക്കുമ്പോള്‍ ചില ഉപാധികള്‍ വയ്‌ക്കാറുണ്ട്. അത് ലംഘിച്ചാല്‍ എന്‍ഒസി പിന്‍വലിക്കാം. എന്നൊക്കെയാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണത്രേ. ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സതീശനും തിട്ടൂരം ഇറക്കിയിരിക്കുന്നു.
എന്താണ് ഇവര്‍ക്കൊക്കെ പറ്റിയത്? സര്‍ക്കാരിന്റെ ഒരു പൊതുചടങ്ങില്‍ ദേശഭക്തി ഗീതം ആലപിക്കുന്നത് എങ്ങനെയാണ് തെറ്റാവുന്നത്? വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പാടിയത് ‘പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍…’ എന്നു തുടങ്ങുന്ന ഗീതമാണ്. ഇത് ആര്‍എസ്എസ് ശാഖയില്‍ പാടുന്നതുമാണ്. ഇതുപോലെ നൂറുകണക്കിന് ദേശഭക്തി ഗീതങ്ങള്‍ ആര്‍എസ്എസ് ശാഖയില്‍ പാടുന്നുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനവും ആര്‍എസ്എസ് ശാഖയില്‍ പാടുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ഇവയെല്ലാം ദേശഭക്തിഗാനങ്ങള്‍ അല്ലാതായി മാറുമോ? വന്ദേമാതരവും ആര്‍എസ്എസ് ശാഖയില്‍ പാടുന്നുണ്ടല്ലോ. അതിനാല്‍ പാര്‍ലമെന്റിലടക്കം ഇനി അത് പാടിക്കൂടെന്നാണോ പിണറായിയുടെയും ശിവന്‍കുട്ടിയുടെയുമൊക്കെ ഉത്തരവ്!
ഭരതമാതാവിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതാണ് ഈ ദേശഭക്തി ഗീതത്തിലെ ഓരോ വരിയും. മതേതരത്വത്തിന് എതിരായതോ അന്യമതവിദ്വേഷത്തിന് ഇടയാക്കുന്നതോ ആയ ഒരു വാക്കുപോലും അതിലില്ല. എന്നിട്ടും ഇതു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഹാലിളകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മറ്റൊന്നാണ്. ഭാരത് മാതാ കി ജയ് എന്നു വിളിക്കാന്‍ പാടില്ല, ഭാരതമാതാവിന്റെ ചിത്രം വയ്‌ക്കാന്‍ പാടില്ല എന്നൊക്കെ ശഠിക്കുന്നവര്‍ ഇനിയുള്ള കാലം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയേണ്ടിവരും. ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തെ അംഗീകരിക്കാത്തവരും, വന്ദേമാതരം പാടാന്‍ അനുവദിക്കാത്തവരും ഒരുകാലത്ത് രാജ്യം ഭരിച്ചിരുന്നു. അവരെ ജനങ്ങള്‍ അധികാരത്തിന് പുറത്തു നിര്‍ത്തിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇക്കൂട്ടര്‍ അധികാരത്തിനു പുറത്താണ്. ദേശസ്‌നേഹം തൊട്ടുതെറിക്കാത്ത പിണറായി വിജയന്റെയും ബിനോയ് വിശ്വത്തിന്റെയും പാര്‍ട്ടികളെ അധികാരത്തില്‍ നിന്നു മാത്രമല്ല ഭാരതത്തിന്റെ ഭൂപടത്തില്‍ നിന്നുതന്നെ ജനങ്ങള്‍ തുടച്ചുനീക്കുകയാണ്. ഇതിന്റെ വിഷമം ഇക്കൂട്ടര്‍ക്ക് ഉണ്ടാവാം. അത് തീര്‍ക്കാന്‍, ദേശഭക്തി ഗീതം ആലപിക്കുന്ന കുട്ടികള്‍ക്കുമേല്‍ കുതിരകയറിയത്‌കൊണ്ട് കാര്യമില്ല.
എറണാകുളത്തെ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് വന്ദേ ഭാരതില്‍ ദേശഭക്തി ഗാനം ആലപിച്ചത്. ഈ സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നാണ് ശിവന്‍കുട്ടിയുടെ ഭീഷണി. ഇതേ ശിവന്‍കുട്ടിയാണ് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഹിജാബിന്റെ പേരില്‍ മതവിഭാഗീയത സൃഷ്ടിച്ച ജിഹാദികള്‍ക്കൊപ്പം നിലയുറപ്പിച്ചത്. ദേശസ്‌നേഹം ഹറാമാണെന്ന് പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ജിഹാദികളെ പ്രീണിപ്പിക്കാനാണ് ദേശഭക്തി ഗീതത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. മുന്‍കാലത്ത് ജിഹാദികള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ മൊത്തമായും ചില്ലറയായും ഇപ്പോള്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ രാജ്യദ്രോഹത്തെയും പിന്തുണയ്‌ക്കുന്ന മാനസികാവസ്ഥയിലേക്ക് ഇവര്‍ അധപതിച്ചിരിക്കുന്നു. ഒന്‍പതര വര്‍ഷമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ ഉറച്ചിരിക്കുന്ന സാഹചര്യത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളിലെ ദാരുണ മരണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുകയെന്നതും പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതൊന്നും വിജയിക്കാന്‍ പോകുന്നില്ല.