
നന്ദന എം
ഹൈദരാബാദ് എച്ച്എസ്ബിസിയില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ നവ്യ ഹരിദാസ് കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ എതിരാളികള്‍ അവരെ കണക്കിലെടുത്തില്ല.
കോണ്‍ഗ്രസ്സിന്റെ കുത്തക വാര്‍ഡ് സുരക്ഷിതമായിരിക്കുമെന്നും ഒരു അട്ടിമറിയും ഉണ്ടാകില്ലെന്നും അവര്‍ വിശ്വസിച്ചു. എന്നാല്‍ രാഷ്‌ട്രീയ കേരളത്തിന് ഒരു യുവ വനിതാ നേതാവിനെ സംഭാവന ചെയ്ത് 2015 ലെ തെരഞ്ഞടുപ്പില്‍ 120 വോട്ടിന്റെ ഭൂരിപക്ഷത്തിന് നവ്യ ഹരിദാസ് അട്ടിമറി ജയം നേടി.
തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, കെഎംസിടി എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിടെക് ബിരുദവും നേടിയ നവ്യ ഹരിദാസ് തന്നെ ജയിപ്പിച്ച വോട്ടര്‍മാരെ മറന്നില്ല. വികസനത്തിന്റെ പുതിയ ചരിത്രം രചിച്ച നവ്യയെ 2020 ലും വാര്‍ഡിലെ ജനങ്ങള്‍ വിജയിപ്പിച്ചു, 500 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്. മൂന്നാമങ്കത്തിന്റെ തിരക്കിലാണ് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ കൂടിയായ നവ്യ ഹരിദാസ്.
വയനാട് പോരാട്ടത്തിന്റെ കരുത്ത്
കോഴിക്കോട് കോര്‍പ്പറേഷന്‍ കുത്തകയാക്കിയ ഇടത് മുന്നണിഭരണത്തിന്റെ വികസനവിരുദ്ധ സമീപനത്തിനെതിരെ കൗണ്‍സിലിലും പുറത്തും സമരം നയിച്ചതിന്റെ ചരിത്രവുമായാണ് നവ്യ വോട്ട് തേടുന്നത്. 2021 ല്‍ കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം സൃഷ്ടിച്ച് 20.84 ശതമാനം വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച നവ്യ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്ക വാദ്രക്കെതിരായ പോരാട്ടത്തിലും വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ദേശീയ ശ്രദ്ധ നേടിയ ആ മത്സരം നവ്യയുടെ രാഷ്‌ട്രീയയാത്രയില്‍ വലിയ നാഴികക്കല്ലായി മാറി. വയനാട് നവ്യക്ക് ഒരു തെരഞ്ഞെടുപ്പ് മണ്ഡലം മാത്രമായിരുന്നില്ല.
ഇരുമുന്നണികളും കേരളത്തിലെ അടിസ്ഥാന ജനതയെ വഞ്ചിച്ചതിന്റെ നേര്‍സാക്ഷ്യത്തെ ഗോത്രവര്‍ഗ സമൂഹത്തിന്റെ ജീവിതാവസ്ഥകളിലൂടെ അവര്‍ തിരിച്ചറിയുകയായിരുന്നു. പട്ടികവര്‍ഗ കോളനികളിലെ സ്ത്രീകളുടെയും കുട്ടികളുടെയും നരകജീവിതം തിരിച്ചറിഞ്ഞു. ചൂരല്‍മല – മുണ്ടക്കൈ ദുരന്തമേഖലയില്‍ സഹായഹസ്തവുമായി സജീവമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും വയനാടന്‍ ജനതയുടെ ജീവിതാവശ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നു.
കാരപ്പറമ്പിന്റെ മുഖച്ഛായമാറ്റി
ഇരുത്തം വന്ന രാഷ്‌ട്രീയ നേതാവിന്റെ കരുത്തുമായാണ് കാരപ്പറമ്പിലെ വോട്ടര്‍മാരെ തേടി ഈ യുവനേതാവ് മൂന്നാം തവണഎത്തുന്നത്. വാര്‍ഡിന്റെ മുഖച്ഛായ മാറ്റിമറിക്കുകയായിരുന്നു പത്ത് വര്‍ഷങ്ങളിലൂടെ. അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയത്. പീപ്പിള്‍സ് റോഡില്‍ പഴയ ഡ്രെയിനേജിന് പകരം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് നവീന ഡ്രെയിനേജ് സംവിധാനം കൊണ്ടുവന്നതോടെ പതിറ്റാണ്ടുകളുടെ പ്രശ്‌നമാണ് പരിഹരിച്ചത്. കൈതവയല്‍, മാറാട് പ്രത്യേക കോടതി എന്നിവയുടെ സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കാനും ജലജീവന്‍ മീഷനിലൂടെ 90 ശതമാനം കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനും കഴിഞ്ഞു. വീടില്ലാത്തവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട് ലഭ്യമാക്കി. കേന്ദ്രപദ്ധതികള്‍ അടക്കം ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നവ്യയെ ശ്രദ്ധേയയാക്കിയത്. കൊവിഡ് മഹാമാരി കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് ഈ വാര്‍ഡില്‍ ഉണ്ടായത്.
സിംഗപ്പൂരില്‍ മറൈന്‍ എന്‍ജിനീയറായ ഭര്‍ത്താവ് ശോഭിന്‍ശ്യാം നവ്യയുടെ പൊതുപ്രവര്‍ത്തനത്തിന് നല്ല പിന്തുണ നല്‍കുന്നു. മക്കളായ പത്താംക്ലാസ് വിദ്യാര്‍ത്ഥി സ്വാതിക് ശോഭിന്‍, നാലാം ക്ലാസ് വിദ്യാര്‍ത്ഥിഇഷാന ശോഭിന്‍ എന്നിവര്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലാണ് പഠിക്കുന്നത്.
ഇനി സ്മാര്‍ട്ട് വാര്‍ഡാവും
പത്ത് വര്‍ഷത്തെ വികസനത്തിന് തുടര്‍ച്ചയായി കാരപ്പറമ്പിനെ നഗരത്തിലെ സ്മാര്‍ട്ട് വാര്‍ഡാക്കാനാണ് നവ്യ ലക്ഷ്യമിടുന്നത്. അംഗനവാടികള്‍ മുതല്‍ വയോജനസൗഹൃദ ഇടങ്ങള്‍ വരെയുള്ള വിവിധ പദ്ധതികള്‍ ഇതിനായി ആവിഷ്‌ക്കരിക്കും. മാലിന്യ സംസ്‌ക്കരണത്തിനും സമ്പൂര്‍ണ്ണ ശുചിത്വത്തിനും ഊന്നല്‍ നല്‍കി വാര്‍ഡിനെ പരിസ്ഥിതി സൗഹൃദ മേഖലയാക്കാന്‍ എം.സി.എഫ് സംവിധാനം സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കുന്നു. രാഷ്‌ട്രീയ വിവേചനം കൊണ്ട് പദ്ധതി വിഹിതം അനുവദിക്കുന്നതില്‍ ഇടതുഭരണത്തിന്റെ അവഗണനയേറ്റ വാര്‍ഡാണെങ്കിലും കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏറ്റവും വികസിച്ച വാര്‍ഡെന്ന ബഹുമതിയോടെയാണ് നവ്യ ഹരിദാസ് താമര ചിഹ്നത്തില്‍ ഇത്തവണ വോട്ട് നേടുന്നത്.