ന്യൂദൽഹി: സുതാര്യത വർധിപ്പിക്കാനും ദേശീയപാത ഉപയോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ദേശീയപാതകളിൽ ‘ക്വിക്ക് റെസ്‌പോൺസ് (ക്യുആർ) കോഡ്’ അടങ്ങിയ പദ്ധതിവിവര സൂചനാ ബോർഡുകൾ ദേശീയപാത അതോറിറ്റി സ്ഥാപിക്കും. ദേശീയപാതയിലെ യാത്രക്കാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും അടിയന്തര സഹായത്തിന് ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇതുവഴി ലഭ്യമാകും.
ദേശീയപാത നമ്പർ, ഹൈവേയുടെ ദൂരസൂചിക, പദ്ധതിയുടെ ദൈർഘ്യം, നിർമാണ/പരിപാലന കാലയളവുകൾ എന്നീ വിവരങ്ങൾക്കു പുറമെ ഹൈവേ പട്രോളിങ്, ടോൾ മാനേജർ, പ്രോജക്ട് മാനേജർ, റെസിഡന്റ് എഞ്ചിനീയർ എന്നിവരെ ബന്ധപ്പെടേണ്ട നമ്പറുകളും അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ 1033, എൻഎച്ച്എഐ ഫീൽഡ് ഓഫീസ് നമ്പർ എന്നിവയും ലംബമായി സ്ഥാപിക്കുന്ന ഈ ക്യുആർ കോഡ് സൂചനാ ബോർഡുകളിൽ നൽകും. കൂടാതെ സമീപത്തെ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, പൊലീസ് സ്‌റ്റേഷനുകൾ, റെസ്‌റ്റോറന്റുകൾ, ടോൾ പ്ലാസ, ട്രക്കുകൾ നിർത്തിയിടുന്ന സ്ഥലം, പഞ്ചർ കടകൾ, വാഹനങ്ങളുടെ സർവീസ് സ്‌റ്റേഷനുകൾ/ഇചാർജിംഗ് സ്‌റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും ബോർഡിൽ നൽകും.
ദേശീയപാത ഉപയോക്താക്കളുടെ സൗകര്യത്തിനായി വഴിയോര സൗകര്യങ്ങൾ, വിശ്രമ സ്ഥലങ്ങൾ, ടോൾ പ്ലാസകൾ, ട്രക്ക് നിർത്തിയിടുന്ന സ്ഥലങ്ങൾ, ദേശീയപാത തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ സ്ഥലങ്ങൾ, മറ്റ് സൂചനാബോർഡുകൾ എന്നിവയുടെ സമീപത്ത് എളുപ്പം കാണുന്ന തരത്തിലാണ് ക്യൂആർ കോഡുകളടങ്ങിയ സൂചനബോർഡുകൾ സ്ഥാപിക്കുന്നത്.
ദേശീയപാതകളെക്കുറിച്ച് പ്രത്യേക വിവരങ്ങൾ നൽകുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും പുറമെ അടിയന്തര സഹായ വിവരങ്ങളും പ്രാദേശിക വിവരങ്ങളും എളുപ്പം ലഭ്യമാക്കി റോഡ് സുരക്ഷ വർധിപ്പിക്കാനും ക്യുആർ കോഡ് സൂചനാ ബോർഡുകൾ സഹായിക്കും. ഒപ്പം രാജ്യത്തെ ദേശീയപാതകളെക്കുറിച്ച് ഉപയോക്താക്കളുടെ അനുഭവവും അവബോധവും മെച്ചപ്പെടുത്തുന്നതിൽ ഇവ വലിയ പങ്കുവഹിക്കും.