
കൊച്ചി: ദേശീയപാതയില്‍ ഗതാഗത ക്രമീകരണം ഉറപ്പാക്കി മാത്രമേ ഗര്‍ഡര്‍ ഉയര്‍ത്തി സ്ഥാപിക്കു എന്ന് തീരുമാനമായി.കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേല്‍നോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ എന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.
ഉയരപ്പാതയില്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കുന്ന വേളയില്‍ പൊലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉള്‍പ്പെടെ നടത്തിയ ശേഷമേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടര്‍ ദേശീയപാത അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി.അപകടത്തില്‍ നിര്‍മാണ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം വിലയിരുത്തി.
ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കുന്ന വേളയില്‍ വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകള്‍ സ്ഥാപിക്കണം. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ ഷെഡ്യൂള്‍ ഒരാഴ്ച മുമ്പ് തന്നെ തയാറാക്കി നിര്‍മാണ കമ്പനി പൊലീസിന് നല്‍കണം. ഇതിനനുസൃതമായി പൊലീസ് ഗതാഗത ക്രമീകരണം നടത്തും.
സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്‌സ് സംഘം ചൊവ്വാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. അവരുടെ നിര്‍ദേശാനുസരണം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരരുടെ നേതൃത്വത്തില്‍ സുരക്ഷ പരിശോധന ആരംഭിച്ചതായി ദേശീയപാത അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.