• Tue. May 20th, 2025

24×7 Live News

Apdin News

ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി

Byadmin

May 20, 2025


മലപ്പുറം ജില്ലയിലെ കൊളപ്പുറം – കൂരിയാട് പ്രദേശത്ത് പുതുതായി നിർമ്മിക്കപ്പെട്ട ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്ന ഡോ എം.പി, അബ്ദുസമദ് സമദാനി എംപി പറഞ്ഞു മേഖലയിലെ ഗതാഗതത്തെത്തന്നെ ബാധിച്ച ഈ സംഭവം ഗുരുതരമായ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുമായിരുന്നു. അത് ഒഴിവായത് നാടിനും ജനങ്ങൾക്കും തൽക്കാലം ആശ്വാസകരമായെങ്കിലും ഈ സംഭവം ഉണർത്തുന്ന ഉൽക്കണ്ഠകൾ അവസാനിക്കുന്നില്ല.

റോഡ് നിർമ്മാണത്തിലെ അതീവ ഗൗരവമുള്ള വീഴ്ച്ചകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. കൂരിയാട് പ്രദേശത്തെ റോഡ് തകർച്ച അടിയന്തിരമായി പരിഹരിക്കുന്നതോടൊപ്പം സംസ്ഥാനത്തുടനീളം നിർമ്മാണം നടന്നുകഴിഞ്ഞ സ്ഥലങ്ങളിൽ ഇതുപോലുള്ള അപകട സാധ്യതകൾ ഉണ്ടോയെന്ന കാര്യത്തെപ്പറ്റി ഉടൻ പരിശോധന നടത്തുകയും ഉണ്ടെങ്കിൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കുകയും വേണം. കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം.

റോഡ് നിർമ്മാണം നടന്ന ചില സ്ഥലങ്ങളിൽ ഇപ്പോഴും ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചകൾ കാരണം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴികളിൽ വീണ് യാത്രക്കാർ മരിക്കുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ജനപ്രതിനിധികളും സാമൂഹിക സംഘടനകളും യഥാസമയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പലപ്പോഴും അത് ഗൗരവത്തിലെടുത്തുകൊണ്ടുള്ള പരിഹാരശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്. ഇപ്പോഴുണ്ടായ ഗുരുതരമായ അപകടാവസ്ഥ പരിഗണിച്ചെങ്കിലും അടിയന്തിരമായ നടപടികൾക്ക് തയ്യാറാകണം.

By admin