ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് നിര്‍ണായക ദിനം. നീന്തലില്‍ മെഡല്‍ പ്രതീക്ഷയായ സജന്‍ പ്രകാശ് മൂന്ന് മത്സരത്തില്‍ പങ്കെടുക്കും. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫൈ, 50 മീറ്റര്‍ ബട്ടര്‍ഫൈ എന്നീ ഇനങ്ങളിലാണ് സജന്‍ മത്സരിക്കുന്നത്. നിലവില്‍ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ സജന്‍ കേരളത്തിന് വേണ്ടി ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്.
വനിതകളുടെ 5-5 ബാസ്‌ക്കറ്റ്ബോള്‍ ഫൈനലില്‍ കേരളം ഇറങ്ങും. രാവിലെ 8 മണിക്ക് നടക്കുന്ന ഫൈനലില്‍ തമിഴ്നാട് ആണ് കേരളത്തിന്റെ എതിരാളി. സെമിയില്‍ ഇഞ്ചോടിഞ്ച് പോരാട്ട്ത്തിനൊടുവില്‍ കര്‍ണാടകയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. കഴിഞ്ഞ ദിവസം അവസാനിക്കേണ്ട മത്സരം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം കാരണം വൈകി ആരംഭിക്കുകയായിരുന്നു. മത്സരം അവസാനിച്ച് ഇന്ന് വൈകീട്ട് ആണ് വനിതകളുടെ നാട്ടിലേക്കുള്ള വിമാനം.
വോളിബോളില്‍ വനിതാ വിഭാഗം ഫൈനലില്‍ കേരളം തമിഴ്നാടിനെ നേരിടും. തോല്‍വി അറിയാതെയാണ് വനിതാ വിഭാഗത്തില്‍ കേരളം ഫൈനലിലെത്തിയത്. സെമിയില്‍ കേരളം ഛണ്ഡീഗഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.
പുരുഷ വിഭാഗം ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം സര്‍വീസസിനോട് പരാജയപ്പെട്ടിരുന്നു.
സെമി ലക്ഷ്യമിട്ട് വാട്ടര്‍പോളോയില്‍ കേരള പുരുഷ വനിതാ ടീമുകളും മത്സരിക്കും. വനിതാ വിഭാഗത്തില്‍ കേരള കര്‍ണാടകയെയും പുരുഷ വിഭാഗത്തില്‍ മഹാരാഷ്‌ട്രയെയും നേരിടും. ആര്‍ച്ചറി, ഷൂട്ടിംങ്, ബോക്സിംങ്, 3-3 വനിതാ പുരുഷ ബാസ്‌ക്കറ്റ്ബോള്‍ എന്നീ ഇനങ്ങളിലും കേരളം ആദ്യ മത്സരത്തിന് ഇറങ്ങും.