
ന്യൂദല്‍ഹി: കേന്ദ്രമത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസനമന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് 2025ലെ ദേശീയ ഗോപാല്‍രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്ഷീര സഹകരണ സംഘം/പാല്‍ ഉത്പാദക കമ്പനി വിഭാഗ (മികച്ച ഡിസിഎസ്/എംപിസി/എഫ്പിഒ) ത്തില്‍ വയനാട് മീനങ്ങാടി ക്ഷീരോത്പാദക സഹകരണസംഘം ലിമിറ്റഡ് ഒന്നാം സ്ഥാനം നേടി.
ഇതേ വിഭാഗത്തില്‍ പാലക്കാട് കുന്നംകാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം പങ്കിട്ടു. സര്‍ട്ടിഫിക്കറ്റിനും മൊമന്റോക്കും പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും ലഭിക്കും. ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി 26ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് (ലാലന്‍ സിങ്) പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സഹമന്ത്രിമാരായ പ്രൊഫ. എസ്.പി. സിങ് ബാഗേല്‍, ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മികച്ച തദ്ദേശീയ കന്നുകാലി/എരുമ ജനുസുകളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകന്‍, മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്‌ദ്ധന്‍ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക്- കിഴക്കന്‍ മേഖല, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്‌ക്ക് പ്രത്യേക പുരസ്‌കാരങ്ങളുമുണ്ട്. കന്നുകാലി- ക്ഷീര മേഖലയിലെ ഏറ്റവും ഉയര്‍ന്ന ദേശീയ പുരസ്‌കാരങ്ങളില്‍ ഒന്നാണിത്.