
ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ പ്രകടനം കാഴ്ചവയ്‌ക്കാന്‍ ബിജെപി. പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ദേശീയ ഭാരവാഹി യോഗത്തില്‍ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി.
കേരളം, ബംഗാള്‍, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ദേശീയ അധ്യക്ഷന്‍ അവലോകനം ചെയ്തു. സംസ്ഥാനപ്രസിഡന്റുമാരും പ്രഭാരിമാരും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തമിഴ്നാട്ടിലും ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി. ആസാമില്‍ തുടര്‍ച്ചയായ മൂന്നാംതവണയും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. പുതുച്ചേരിയില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്നും വിലയിരുത്തി.
ബൂത്ത്, മണ്ഡലം കമ്മിറ്റികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറഞ്ഞു. വികസിതഭാരതം- ജി റാം ജി പദ്ധതിയുടെ നേട്ടങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കുന്നതിനും കോണ്‍ഗ്രസിന്റെ നിഷേധാത്മകരാഷ്‌ട്രീയം തുറന്നുകാട്ടാനും രാജ്യവ്യാപക കാമ്പയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. സ്ഥാനംഒഴിഞ്ഞ ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രസിഡന്റുമാര്‍, പ്രഭാരിമാര്‍, സംഘടനാ സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.