
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍. പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍ ആരംഭിച്ച വിദ്യാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ 25 വര്‍ഷങ്ങള്‍ കൊണ്ട് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ദീര്‍ഘദൃഷ്ടിയോടെ ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും തയാറാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ദേശവ്യാപകമായി നമ്മുടെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ നമ്മുടെ രാഷ്‌ട്രത്തിന് അനുഗുണമായ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം. നമ്മുടെ യുവതലമുറയ്‌ക്ക് സ്വന്തം കാഴ്ചപ്പാടുകളെ രൂപീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. അതിന് അധിനിവേശ അസ്മിതകള്‍ ഉപേക്ഷിക്കണം. ഭിന്നതകളുടെ സ്വരത്തിലല്ല, ഒരുമയുടെ ദര്‍ശനത്തില്‍ ജീവിക്കണമെന്ന് പുതുതലമുറയെ പഠിപ്പിക്കണം. വിദ്യാഭ്യാസരംഗത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്, അതിനെ ഘട്ടംഘട്ടമായി എങ്ങനെ പരിവര്‍ത്തനം നടത്താന്‍ സാധിക്കും, ഇതെല്ലാം വിദ്യാഭാരതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രചാരകന്മാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് വിദ്യാലയങ്ങളെ പരിവര്‍ത്തനം ചെയ്യണം.
പ്രചാരകന്‍ എന്നത് ഒരു വ്യക്തി എന്നതിനപ്പുറം ഒരു ആശയമാണ്. സംഘത്തിന്റെ ലക്ഷ്യവും ആശയവും രീതികളും പേറുന്നവരാണ് പ്രചാരകന്‍. ധര്‍മ സംരക്ഷണത്തിലൂടെ രാഷ്‌ട്രത്തെ പരംവൈഭവത്തിലേക്ക് നയിക്കുകയാണ് പ്രചാരകന്മാരുടെ ലക്ഷ്യം. ധര്‍മ സംരക്ഷണവും രാഷ്‌ട്രത്തിന്റെ പരംവൈഭവവും ഇഴപിരിക്കാന്‍ കഴിയുന്നതല്ല. രാഷ്‌ട്രത്തിന്റെയും ധര്‍മത്തിന്റെയും സമാജത്തിന്റെയും പരമമായ രക്ഷയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം. അതിലൂടെ രാഷ്‌ട്രത്തിന്റെ പരംവൈഭവവും സാധ്യമാക്കണമെന്നും ഡോ. കൃഷ്ണ ഗോപാല്‍ പറഞ്ഞു. വിദ്യാഭാരതി ജനറല്‍ സെക്രട്ടറി ദേശരാജ് ശര്‍മ്മ, വിദ്യാഭാരതി ദേശീയ സംഘടനാ സെക്രട്ടറി ഗോവിന്ദ് ചന്ദ്ര മോഹ്ന്ദി, വിദ്യാഭാരതി ദേശീയ സെക്രട്ടറി ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
നാല് ദിവസത്തെ ശിബിരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 62 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വിദ്യാഭാരതി സ്‌കൂളുകളില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതിന്റെ പുരോഗതി, ഭാവി പദ്ധതികള്‍ എന്നിവയെല്ലാം ചര്‍ച്ചയാകും. 25ന് വൈകിട്ട് മൂന്നിന് സമാപിക്കും.