സഹകരണം എന്നത് ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയും ഗ്രാമീണ ജീവിതവും ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായവും മറ്റും ഭാരതീയമായ സഹകരണ ആശയവും സത്തയുമാണ്. 1904 ല്‍ ഔദ്യോഗികമായി ആരംഭിച്ച സഹകരണ പ്രസ്ഥാനം അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ജനങ്ങള്‍ നയിക്കുന്ന വികസന മാതൃകയുടെ പതാകവാഹകരായി പ്രവര്‍ത്തിച്ചുവരികയാണ്. 8 ലക്ഷത്തിലധികം സഹകരണ സംഘങ്ങളാണ് ഭാരതത്തിലുള്ളത്. ഇത് ലോകത്തിലെ ആകെ സഹകരണ സംഘങ്ങളുടെ നാലിലൊന്ന് വരും. ഈ 8 ലക്ഷം സംഘങ്ങളില്‍ 2 ലക്ഷം വായ്പാ സംഘങ്ങളും 6 ലക്ഷം വായ്‌പേതര സംഘങ്ങളുമാണ്. 30 കോടി അംഗങ്ങളുള്ള ഈ ബൃഹത്തായ മേഖലയില്‍ ഗ്രാമീണ ജീവിതവുമായി ഇഴുകിചേര്‍ന്നതും കാര്‍ഷിക വായ്പാ രംഗത്ത് സജീവവുമായ പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റി (പിഎസിഎസ്) കളിലെ അംഗസംഖ്യ 13 കോടിയുമാണ്. കേരളത്തിലെ 16000 ല്‍ പരം സഹകരണ സംഘങ്ങളില്‍ 1547 ഉം പിഎസിഎസുകളാണ്. സര്‍വീസ് സഹകരണ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘങ്ങള്‍ കേരളത്തിന്റെ സഹകരണ മേഖലയിലെ പ്രധാനപ്പെട്ട വിഭാഗമാണ്.
ദേശീയ സഹകരണ നയ രൂപീകരണത്തിന്റെ പശ്ചാത്തലം
നിലവിലുള്ള സാമ്പത്തിക സംവിധാനങ്ങള്‍ക്ക് ശക്തമായ ഒരു ബദല്‍, സഹകരണ പ്രസ്ഥാനത്തിലൂടെ സൃഷ്ടിക്കുന്നതിനും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള ചവിട്ടുപടികളില്‍ ഒന്നായി ഈ മേഖലയെ ഉയര്‍ത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ”സഹകാര്‍ സേ സമൃദ്ധി” (സഹകരണത്തിലൂടെ സമൃദ്ധി) എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുമാണ് സഹകരണ നയം ആവിഷ്‌കരിച്ചത്.
2002 ലാണ് ഇതിനുമുന്‍പ് സഹകരണ നയം ഉണ്ടായത്. ആ നയത്തിന്റെ ഭാഗമായാണ് വാജ്‌പേയ് സര്‍ക്കാര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും മത്സരാധിഷ്ഠിത വ്യാപാര രംഗത്തേക്ക് സഹകരണ മേഖലയുടെ പ്രവേശനത്തിനും വഴിതുറന്നത്. പിന്നീട് 2022 ലാണ് മഹാരാഷ്‌ട്രയിലെ പ്രമുഖ സഹകാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പ്രഭുവിന്റെ നേതൃത്വത്തില്‍ 48 അംഗ കമ്മിറ്റി ഉണ്ടാക്കി പുതിയ ദേശീയ സഹകരണ നയം രൂപീകരിക്കുന്നതിന് തീരുമാനമായത്. കമ്മിറ്റി 4 മേഖലകളിലായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പ്രമുഖ സഹകാരികളേയും സഹകരണ സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് 17 മീറ്റിങ്ങുകളും നടത്തി. സംസ്ഥാന സര്‍ക്കാരുകളുമായും സഹകരണ മന്ത്രിമാരുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി 648 നിര്‍ദ്ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി വിവിധ മന്ത്രാലയങ്ങളുടേയും സഹകരണ മേഖലയിലെ അപ്പെക്‌സ് സംഘങ്ങളിലെ പ്രധാനികളുമായി ചര്‍ച്ച നടത്തി 2025 ജൂലായ് 25 ന് പുതിയ സഹകരണ നയം പ്രഖ്യാപിക്കുകയും ചെയ്തു.
സഹകരണനയം 2025 ലെ പ്രസക്ത ഭാഗങ്ങള്‍
1. 2002 ലെ സഹകരണ നയ പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ലോകം വ്യക്തിഗത, സാമൂഹിക, ദേശീയ, ആഗോളതലങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആഗോളവത്കരണവും സാങ്കേതിക പുരോഗതിയും പ്രത്യേകിച്ച് ആശയവിനിമയത്തിലും വിവരസാങ്കേതിക വിദ്യയിലും നടന്ന സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് സഹകരണ മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായതും നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഈ മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും നയം പുനഃപരിശോധിച്ച്, പുതിയൊരെണ്ണം രൂപപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമായി. കര്‍ഷകര്‍, സ്ത്രീകള്‍, ഗ്രാമവികസനം എന്നിവ കേന്ദ്രമാക്കി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയും ദേശീയ ഫെഡറേഷനുകളെ നയിക്കുകയും ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ പിന്തുണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുകയും ചെയ്യേണ്ടത് പുതിയ ദേശീയ നയത്തിന്റെ അടിയന്തര ആവശ്യകതയാണ്.
2. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇദംപ്രഥമമായി ഒരു പ്രത്യേക സഹകരണ മന്ത്രാലയം 2021 ല്‍ രൂപീകരിച്ച് ഏറ്റെടുത്തിട്ടുള്ള നിരവധി സംരംഭങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സഹകരണ നയം വിഭാവനം ചെയ്യുന്നു. ഉദാ :പിഎസിഎസിനെ വിവിധോദ്ദേശ സംഘങ്ങളാക്കുക, രണ്ട് ലക്ഷം പുതിയ സംഘങ്ങള്‍ ആരംഭിക്കുക, അന്ന ഭണ്ഡാര്‍ യോജന ആരംഭിക്കുക..
3. യുവാക്കളേയും സ്ത്രീകളേയും പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലുള്ളവരെ ഉയര്‍ന്ന നിലവാരമുള്ളതും സഹകരണ കേന്ദ്രീകൃതവുമായ കോഴ്‌സുകള്‍ പഠിക്കാന്‍ പ്രചോദനം നല്‍കുകയും ഗ്രാമീണ മേഖലയില്‍ തന്നെ അവര്‍ക്ക് തൊഴില്‍ ദാതാക്കളായി സഹകരണ മേഖലയെ പ്രാപ്തമാക്കുവാനും പുതിയ സഹകരണനയം ലക്ഷ്യമിടുന്നു. അതിനായി സഹകരണമേഖലയില്‍ ഗവേഷണ പഠനങ്ങളും ആധുനിക സാങ്കേതിക വിദ്യയും പ്രദാനം ചെയ്യുന്ന മികവുറ്റ പഠന ഗവേഷണ കേന്ദ്രങ്ങള്‍ നിലവില്‍ വരുവാനും നയം വിഭാവനം ചെയ്യുന്നു.
4. വെബ് പോര്‍ട്ടലുകള്‍, ഇ-മെയില്‍ സന്ദേശമയക്കല്‍, മൊബൈല്‍ ഫോണ്‍ അധിഷ്ഠിത സന്ദേശമയക്കല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഇടപാടുകാരുമായും സഹകരണ രജിസ്ട്രാര്‍ ഓഫീസുകളുമായി ബന്ധം സ്ഥാപിക്കുക, കൃത്യമായ ഡിജിറ്റല്‍ ഡാറ്റ ഉണ്ടാക്കി കേന്ദ്ര-സംസ്ഥാന തലത്തില്‍ നിലവില്‍ വരുന്ന ഡാറ്റാ ബേസുമായി സംയോജിപ്പിക്കുക, പീഡിത സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനായി ഒരു സ്ഥാപന സംവിധാനം സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുക, കോര്‍പറേറ്റ് നികുതികളുമായി താരതമ്യം ചെയ്ത് സഹകരണ നികുതികള്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും നല്‍കുക.
5. താഴെത്തട്ടില്‍ നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പതാകാവാഹകരായി പിഎസിഎസുകളെ ചുമതലപ്പെടുത്തുകയും മികച്ച പ്രകടനം നടത്തുന്നവരെ മാതൃകാ സ്ഥാപനങ്ങളാക്കി ഉയര്‍ത്തി വിവിധോദ്ദേശ സഹകരണ സംഘമായി മാറ്റിയെടുക്കുക എന്നതും ലക്ഷ്യമിടുന്നു.
6. ത്രിതല വായ്പാ ഘടന നിലനിര്‍ത്തുകയും ഓരോ പഞ്ചായത്തിലും ഒരു പിഎസിഎസ്, ഓരോ ജില്ലയിലും ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഓരോ നഗരത്തിലും അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവ സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും സംയുക്തമായി പ്രവര്‍ത്തിക്കുക.
7. സഹകരണ ബാങ്കുകള്‍ക്കിടയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും പ്രൊഫഷണലിസം, ബിസിനസ് അവസരങ്ങള്‍ മുതലായവ പ്രോത്സാഹിപ്പി ക്കുന്നതിനും ദേശീയതലത്തില്‍ ഒരു അപെക്‌സ് സഹകരണ ബാങ്ക് രൂപീകരിക്കാന്‍ വഴിയൊരുക്കുക.
8. സഹകരണ വായ്പാ സ്ഥാപനങ്ങള്‍ (ജില്ലാ സഹകരണ ബാങ്ക്, പിഎസിഎസ്, ഭൂവികസന ഏകോപനം, നിരീക്ഷണം, റിപ്പോര്‍ട്ടിങ് എന്നിവയ്‌ക്കായി ഒരു പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കും. കേന്ദ്ര സഹകരണ മന്ത്രി അദ്ധ്യക്ഷനായ ”സഹകരണ നയത്തിനായുള്ള ദേശീയ സ്റ്റിയറിങ് കമ്മിറ്റി” മൊത്തത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം, അന്തര്‍ മന്ത്രാലയ ഏകോപനം, ആനുകാലിക നയ അവലോകനം, മുതലായവയ്‌ക്കായി രൂപീകരിക്കും. കൂടാതെ കേന്ദ്ര സഹകരണ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ദേശീയ തല ”നയ നിര്‍വഹണ നിരീക്ഷണ സമിതി സ്ഥാപിക്കും”. ഇതില്‍ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറി, സംസ്ഥാനങ്ങളിലെ സഹകരണ വകുപ്പിന്റെ സെക്രട്ടറിമാര്‍, നിതി ആയോഗില്‍ നിന്നുള്ള പ്രതിനിധി, കേന്ദ്ര / സംസ്ഥാന സഹകരണ ഫെഡറേഷനുകളുടെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടും.
ദേശീയ സഹകരണ നയം ഒരു കേരള പരിപ്രേക്ഷ്യം
സഹകരണ രംഗത്ത് വളരെയേറെ മുന്നോട്ടു പോയിട്ടുള്ള സംസ്ഥാനമാണ് കേരളം. വൈവിധ്യമാര്‍ന്ന സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ മുഖമുദ്രയാണ്. നാലില്‍ മൂന്ന് ഭാഗം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഇഴുകിചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് സഹകരണ മേഖല. സഹകരണ വകുപ്പിന് കീഴില്‍ 16393 സഹകരണ സംഘങ്ങളും മറ്റു വകുപ്പുകളുടെ കീഴില്‍ ഏകദേശം 7000 സഹകരണ സ്ഥാപനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. നിക്ഷേപവും വായ്പയും നിക്ഷേപ-വായ്പാ അനുപാതവും മികച്ച രീതിയില്‍ ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. 1547 പിഎസിഎസുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ നാണക്കേടുണ്ടാക്കുന്ന സംഭവവികാസങ്ങളാണ് സഹകരണ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തിലെ 272 സഹകരണ സംഘങ്ങളില്‍ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട് എന്നാണ്. പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ഏകദേശം രണ്ട് ശതമാനത്തോളം വരും. കരുവന്നൂര്‍ സംഘത്തിന് പുറമെ വലിയ അഴിമതിക്കഥകളാണ് തുമ്പൂര്‍, നടക്കല്‍, കണ്ടല, മാവേലിക്കര, മയിലാപ്ര, ചാത്തനൂര്‍, മരയാമുട്ടം തുടങ്ങിയ സര്‍വീസ് സഹകരണ സംഘങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഇത് കേരളത്തിന്റെ മൊത്തത്തിലുള്ള സഹകരണ സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം കുറച്ചിട്ടുണ്ട്.
കേരളത്തില്‍ ദിനംപ്രതി സഹകരണ സംഘങ്ങളുടെ അഴിമതിക്കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ഉത്തരം പറയേണ്ട കേരള സര്‍ക്കാര്‍ തികച്ചും രാഷ്‌ട്രീയ വിരോധം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണം. സഹകരണ നയം 2025 ല്‍ കേരളത്തിന് പ്രയോജനകരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് സഹകരണ സംഘങ്ങളേയും അതിലെ ജീവനക്കാരേയും കാലാനുസൃതമായി മത്സരാധിഷ്ഠിത ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കും, അടിസ്ഥാന സൗകര്യ വികസനത്തിനായി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും, ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് ഉതകുന്ന വിധം വളര്‍ത്തും, മികച്ച പരിശീലനവും ഗവേഷണ സൗകര്യങ്ങളും ഒരുക്കും, സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലൂടെ മോശം പരിതസ്ഥിതിയുള്ള സംഘങ്ങളെ പുനരുജ്ജീവിപ്പിക്കും തുടങ്ങിയ കാര്യങ്ങള്‍. ഇതിനോട് കേരളത്തിന് യോജിച്ചുകൂടെ? അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ദോഷവശങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്ത് നമുക്ക് മുന്നേറാന്‍ കഴിയും. കേരളത്തിന്റെ സഹകരണരംഗത്തെ തലയെടുപ്പ് വീണ്ടും ഉയര്‍ത്താന്‍ കഴിയും. അതിന് കേരളത്തിലെ സര്‍ക്കാരും സഹകരണ സ്ഥാപനങ്ങളും സഹകാരികളും മുന്നോട്ടുവന്ന് സഹകരണ നയം 2025 ലെ പ്രതിപാദനങ്ങള്‍ നമുക്കനുകൂലമാക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രം മതിയാകും.
(സഹകാര്‍ ഭാരതി ദേശീയ സഹസമ്പര്‍ക്ക പ്രമുഖാണ് ലേഖകന്‍)