ദേശീയ സെന്‍സസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പു നടപ്പാക്കാത്തതിനാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകുല്യങ്ങള്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലന്നും രാജ്യസഭയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് സോണിയ പറഞ്ഞു.
2011 ലാണ് ഇന്ത്യയില്‍ അവസാനം സെന്‍സസ് നടന്നത്. 2021 ല്‍ ആരംഭിക്കണ്ടേ സെന്‍സസ് നടപടികള്‍ പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കോടി കണക്കിന് ഇന്ത്യകാര്‍ക്ക് ലഭിക്കണ്ടേ ആനുകൂല്യങ്ങളാണ് ഇക്കാരണത്താല്‍ നഷ്ടപ്പെടുന്നത്. ഭക്ഷ്യ സുരക്ഷ പൗരന്റെ മൗലിക അവകാശമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കോവിഡ് കാലത്ത് ഭക്ഷ്യ സുരക്ഷാ നിയമം രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നുവെന്നും സോണിയ ഓര്‍മ്മിപ്പിച്ചു.
‘ 2013 സെപ്തംബറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭമായിരുന്നു. ദശലക്ഷക്കണക്കിന് ദുര്‍ബലരായ കുടുംബങ്ങളെ സംരക്ഷിക്കുന്നതില്‍ ഈ നിയമം നിര്‍ണായക പങ്ക് വഹിച്ചു, പ്രത്യേകിച്ച് കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍.’ സിപിപി അദ്ധ്യക്ഷ പറഞ്ഞു.
സെന്‍സസ് കാലതാമസം മൂലം 14 കോടിയോളം ഇന്ത്യക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമായെന്ന് സോണിയ ഗാന്ധി രാജ്യസഭയില്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സോണിയ. ജനസംഖ്യാ കണക്കെടുപ്പ് ഇപ്പോള്‍ തന്നെ നാലുവര്‍ഷത്തെ കാലതാമസം നേരിട്ടു കഴിഞ്ഞു. ഈ വര്‍ഷവും ഇത് നടത്താന്‍ സാധ്യതയില്ലെന്ന ആശങ്കയും സോണിയ പ്രകടിപ്പിച്ചു.