• Mon. Dec 15th, 2025

24×7 Live News

Apdin News

ദേ, ഒരു സിനിമയുടെ കഥയും കാര്യവും, ഇനി ചോദിക്കരുത്;’ ഇങ്ങനൊക്കെ കേരളത്തിൽ സംഭവിക്കുമോ ‘ എന്ന്!

Byadmin

Dec 15, 2025



തിരുവനന്തപുരം: കേരളത്തിൽ ഫിലിം ഫെസ്റ്റിവൽ ആഘോഷ ലഹരി തീരാതെ തുടരുമ്പോൾ ഒരു സിനിമയുടെ കഥ വായിക്കാം. അന്താരാഷ്‌ട്ര കേരള ഫിലിം ഫെസ്റ്റിവൽ ‘ ഇങ്ങനെയൊക്കെ കേരളത്തിൽ സംഭവിക്കുമോ?’ എന്ന് ചോദിച്ച് തള്ളിക്കളഞ്ഞ സിനിമയുടെ കഥ. ‘സ്ത്രീ പീഡനം, അതും ഗർഭിണിയായ സ്ത്രീയെ കേരളത്തിൽ പീഡിപ്പിക്കുമോ?’ എന്ന് ചോദിച്ചാണ് ‘ എ പ്രഗ്നൻ്റ് വിഡോ’ ക്ക് സെലക്‌ഷൻ നിരസിച്ചത്. രസം, നിരസിച്ച ജൂറി ചെയർമാൻ ഇപ്പോൾ സ്ത്രീ പീഡന കേസിലാണെന്നതാണ്.

എ പ്രഗ്നൻ്റ് വിഡോയുടെ സംവിധായകൻ ഉണ്ണി കെ.ആർ ആണ്. സ്ക്രിപ്റ്റ് രാജേഷ് തില്ലങ്കരി. സിനിമ ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. 16 നും 17നും പ്രദർശനമുണ്ട്. കേരള അനുഭവം സംവിധായകൻ ഉണ്ണി.കെ.ആർ എഴുതുന്നു:

”ഞാനിപ്പോ ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിലാണ്..
ഞാൻ സംവിധാനം ചെയ്ത “എ പ്രഗ്നന്റ് വിഡോ” എന്ന ചിത്രം ഇവിടെ വേൾഡ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു.

ഇവിടെ ഇരിക്കുമ്പോൾ ഒരു കഥ ഓർമ്മ വരുന്നു . ആ കഥ ഞാൻ സൊല്ലട്ടുമാ…

ഈ വർഷത്തെ IFFK യിലേക്ക് എന്റെ ചിത്രമായ “എ പ്രഗ്നന്റ് വീഡോ” അയച്ചിരുന്നു..

എന്നാല്‍ ചിത്രം പരിഗണിക്കപ്പെട്ടില്ല.

പരാതിയില്ല…

എന്നാൽ സിനിമ കണ്ട ജൂറി ചെയര്‍മാൻ ചോദിച്ചത്,
“നമ്മുടെ പ്രബുദ്ധ കേരളത്തില്‍.. നഗരത്തില്‍ ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിയായ ഒരു സ്ത്രീയോട് ഒരാള്‍ ലൈംഗികമായ താല്പര്യം കാണിക്കുമോ എന്നാണ്. ”
ബസ് സ്റ്റാന്റിന്റെ ഒരു മൂലയില്‍ രാത്രിയില്‍ ഇരിക്കുന്ന ഗർഭിണിയായ നായികയോട് പ്രായമുള്ള ഒരാള്‍ അപമര്യാദയോടെ പെരുമാറുന്നൊരു സീനുണ്ട്.

അതാണ് ജൂറി ചെയര്‍മാന് പിടിക്കാതിരുന്നത്.

ജാതിവിവേചനവും സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റും സിനിമയില്‍ പ്രമേയമായതും ചെയർമാന് തീരെ ബോധിച്ചില്ലപോലും.

നമ്മുടെ സിനിമയ്‌ക്ക് അനുകൂലമായി സംസാരിച്ച ജൂറി അംഗങ്ങളോട് അദ്ദേഹം വിയോജിച്ചു.
അദ്ദേഹം ചോദിച്ചത്..
” ഈ സിനിമയിൽ ഉള്ളതൊക്കെ കേരളത്തിൽ നടക്കുമോ എന്നാണ്… ”

അങ്ങിനെ നമ്മുടെ ചിത്രം പുറത്തായി.

പ്രീയപ്പെട്ടവരേ..
അദ്ദേഹത്തിന്റെ ” ഈ സിനിമയിൽ ഉള്ളതൊക്കെ കേരളത്തിൽ നടക്കുമോ ”
എന്ന ചോദ്യത്തിന് ഉത്തരം
“നടക്കും” എന്നാണ്..

“ലോകത്തിൽ എവിടെയും നടക്കുന്നതു മാത്രമേ ഈ സിനിമയിൽ ഉള്ളു..”

സാധാരണക്കാരന്റെ അവസ്ഥ..
അവർ നേരിടുന്ന സാഹചര്യങ്ങൾ..
ദളിതരുടെ പ്രശ്നങ്ങൾ..
അവരുടെ ധീരമായ പ്രതികരണം…

അതൊക്കെയാണ് ഈ ചിത്രം പറയുന്നത്..
അത് സാർവ്വദേശീയ പ്രശ്നങ്ങളാണ് താനും..
അതിന് ഭാഷയോ ദേശമോ ഒരു പ്രശ്നമല്ല..

അതുകൊണ്ടാണ് ഞങ്ങളുടെ ചിത്രമായ “എ പ്രഗ്നന്റ് വിഡോ” കൽക്കട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ ഭാഷ മത്സര വിഭാഗത്തിൽ പ്രീമിയർ ചെയ്യപ്പെട്ടത്….

അതുകൊണ്ടാണ്…
ഞങ്ങളുടെ ചിത്രം ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തുമുള്ള നിരവധി ഫിലിം ഫെസ്റ്റിവലികളിൽ വേൾഡ് സിനിമ വിഭാഗത്തിലും മത്സര സിനിമാ വിഭാഗത്തിലും ഉൾപ്പെട്ടത്..

തുറന്നു പറയട്ടെ…
“വിടൻമാർക്ക് പ്രായം ഒരു പ്രശ്നമല്ല..”

ഞങ്ങളുടെ ചിത്രം IFFK യിൽ ഇല്ല..
അതുപോലെ തന്നെ
സദാചാര വാദിയായ ആ ചെയർമാനും IFFK വേദിയില്‍ ഇല്ല…
അയാള്‍ എവിടെയെന്നുപോലും ആര്‍ക്കും അറിയില്ല.
എന്നാൽ ഞങ്ങൾ മറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഉണ്ട്..

അതാണ്‌ വിധി..

ഇവിടെ ഇത്രയും വലിയ ലൈംഗിക ദാരിദ്ര്യമുണ്ടോ എന്ന ചോദ്യത്തിന് ആ ചെയർമാൻ തന്നെ ഉത്തരം പറയും…

ഇന്ന് ഞാനും എന്റെ സഹപ്രവര്‍ത്തകരും ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുകയാണ്. 16 നും 17 നും സ്‌ക്രീനിംഗ് ഉണ്ട്..

ഞങ്ങളുടെ സിനിമ കേരളത്തില്‍ ഞങ്ങൾ പിന്നെ കാണിച്ചോളാം…

Nb: ചാനലുകളിൽ ഒരു ഫ്ലാഷ് വന്നു പോകുന്നു
-” പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികപരാതിയിൽ കൃത്യമായ തെളിവുണ്ടെന്ന് പോലീസ്..”

വിടൻമാർക്ക് പ്രായം ഒരു പ്രശ്നമല്ല…”

By admin