വർക്കല: ശിവഗിരിയിൽ മുമ്പും രാഷ്‌ട്രപതിമാർ എത്തിയിട്ടുണ്ടെങ്കിലും, മഠത്തിലെ പരമ്പരാഗത ഉച്ചഭക്ഷണമായ ‘ഗുരുപൂജാ പ്രസാദം’ സ്വീകരിക്കുന്ന ആദ്യ രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മ്മു മാറുന്നു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ഒക്ടോബർ 23ന് രാഷ്‌ട്രപതി ശിവഗിരി മഠത്തിൽ എത്തും.
ഉച്ചയ്‌ക്ക് 12.50ന് ശിവഗിരി മഠത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്ത് ശതാബ്ദി ആചരണങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിനുശേഷം മഠത്തിൽ തന്നെ ഒരുക്കിയിട്ടുള്ള ഗുരുപൂജാ പ്രസാദം രാഷ്‌ട്രപതിയും ഗവർണറും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സ്വീകരിക്കും. ഉച്ചയ്‌ക്ക് രണ്ടരയോടെ രാഷ്‌ട്രപതി ശിവഗിരിയിൽ നിന്ന് മടങ്ങും.
ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയുമാണ് രണ്ടുവർഷം നീളുന്ന ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണം നടക്കുന്നത്. വിജ്ഞാനപ്രദവും ഭക്തിനിർഭരവുമായ അനവധി പരിപാടികളിലൂടെ ഗുരുദേവന്റെ ദർശനം പുനർജ്ജീവിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ശ്രീനാരായണ ഗുരുകുലം, എസ്.എൻ.ഡി.പി യോഗം, ഗുരുധർമ്മ പ്രചാരണസഭ, ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങൾ, പ്രാദേശിക സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശതാബ്ദി ആചരണങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.
98-മത് മഹാസമാധി ദിനത്തിൽ ശിവഗിരി മഠം ശതാബ്ദി ആചരണത്തിന്റെ ദീർഘകാല ദർശനരേഖയും പ്രാഥമിക പരിപാടികളും പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രപതിയുടെ സാന്നിധ്യം ഈ ആചരണങ്ങൾക്ക് ദേശീയ പ്രതീകാത്മകതയും ആഗോള പ്രസക്തിയും നൽകുമെന്നാണ് മഠത്തിന്റെ പ്രതീക്ഷ.
ശിവഗിരിയിൽ രാഷ്‌ട്രപതിയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും ചേർന്ന ഏജൻസികളുടെ നേതൃത്വത്തിൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ശിവഗിരി തീർത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിലാണ് പ്രധാന സമ്മേളനം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, ശിവഗിരി ബന്ധുക്കൾ, സാമൂഹിക–സാംസ്കാരിക സംഘടനകൾ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുക്കും.
രാജ്യാന്തര ശ്രദ്ധ നേടുന്ന ഈ ചടങ്ങ് വർക്കലയും പരിസരപ്രദേശങ്ങളും ഉൾപ്പെടെ സമഗ്രമായ വികസനത്തിന് വഴിതെളിക്കും എന്നാണ് പ്രതീക്ഷ.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശിവഗിരിയിലെ സന്യാസിസമൂഹം രാഷ്‌ട്രപതിയുടെ ചരിത്രപരമായ സന്ദർശനം ശ്രദ്ധേയമാക്കാനുള്ള ഒരുക്കങ്ങൾ നയിക്കുന്നത്.