
ന്യൂദൽഹി: ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ 12 വാർഡുകളിൽ 7 എണ്ണം നേടി ബിജെപി വൻ വിജയം നേടി. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഫലം പ്രഖ്യാപിച്ചത്. ദ്വാരക ബി, വിനോദ് നഗർ, അശോക് വിഹാർ, ഗ്രേറ്റർ കൈലാഷ്, ദിചോൺ കലാൻ, ഷാലിമാർ ബാഗ് ബി, ചാന്ദ്‌നി ചൗക്ക് എന്നീ ഏഴ് വാർഡുകളിൽ ബിജെപി വിജയം നേടി.
ബീഹാറിലെ തെരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ വന്ന ഈ ഫലം പ്രതിപക്ഷത്തെ കൂടുതൽ നിരാശയിലേക്ക് വീഴ്‌ത്തി. നരൈന, മുണ്ട്ക, ദക്ഷിണപുരി എന്നീ മൂന്ന് വാർഡുകൾ ആം ആദ്മി പാർട്ടി നേടി. സംഗം വിഹാർ എ വാർഡിൽ കോൺഗ്രസ് വിജയിച്ചപ്പോൾ എഐഎഫ്ബിയുടെ മുഹമ്മദ് ഇമ്രാൻ ചാന്ദിനി മഹൽ വാർഡിൽ വിജയിച്ചു.
26 സ്ത്രീകളടക്കം 51 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 11 കൗൺസിലർമാർ വിജയിക്കുകയും ഒരാൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തതിനെത്തുടർന്ന് 12 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.