• Wed. Sep 17th, 2025

24×7 Live News

Apdin News

ദൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ്: എബിവിപിയുടെ വിജയം സുനിശ്ചിതം

Byadmin

Sep 17, 2025



ന്യൂദൽഹി : ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പായ ദൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം സുനിശ്ചിതമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്.
സെപ്റ്റംബർ 18 വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ എബിവിപി യിൽ നിന്നും ആര്യൻ മാൻ, ഗോവിന്ദ് തൻവർ, കുനാൽ ചൗധരി, ദീപിക ഝാ എന്നിവർ യഥാക്രമം പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നീ പദവികളിലേക്കാണ് മത്സരിക്കുന്നത്.

വോട്ടെണ്ണലും ഫലപ്രഖ്യാപനവും വെള്ളിയാഴ്ചയാണ് നടക്കുന്നത്.
ദൽഹി സർവ്വകലാശാലയിലെ വിവിധ കോളേജുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രചാരണങ്ങളിൽ അസംഖ്യം വിദ്യാർത്ഥികൾ അണിനിരന്നിരുന്നു.
വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി എബിവിപി നടത്തുന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ വിശ്വാസം ആർജ്ജിക്കുന്നതിന് സഹായിക്കും എന്നാണ് നിഗമനം.

സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം സുഗമമാക്കാൻ എബിവിപി നടത്തിയ വലിയ പോരാട്ടങ്ങളുടെ ഫലമായി നിലവിൽ ദൽഹി സർക്കാർ യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ മെട്രോ കൺസഷൻ ഉടൻ അനുവദിക്കുമെന്നും ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എബിവിപി വേദിയിൽ ഉറപ്പ് നൽകിയിരുന്നു.

സബ്സിഡി നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പുതിയ ഹോസ്റ്റൽ നിർമ്മാണം, സൗജന്യ വൈഫൈ എന്നീ സുപ്രധാന വാഗ്ദാനങ്ങളാണ് എബിവിപി തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരു കോഴ്സ് ഒരു ഫീസ് വ്യവസ്ഥ, കേന്ദ്രീകൃത ഹോസ്റ്റൽ സംവിധാനം, ഫീസ് വർധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി നടത്തിയ 16 ദിവസത്തെ സത്യാഗ്രഹവും വിദ്യാർത്ഥികളുടെ ഇടയിൽ പ്രസ്ഥാനത്തിന് പിന്തുണ വർദ്ധിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

എല്ലാ വിദ്യാർത്ഥികളും വോട്ട് രേഖപ്പെടുത്തി തങ്ങൾക്ക് ലഭ്യമായ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും ഭാരതത്തെ നയിക്കേണ്ട യുവതലമുറ ഒരിക്കലും ജനാധിപത്യ പ്രക്രിയയിൽ നിന്നും മാറി നിൽക്കരുത് എന്നും എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ പറഞ്ഞു.
നൂറ് ശതമാനം പോളിങ് എന്ന വലിയ ലക്ഷ്യം പൂർത്തീകരിക്കാൻ എബിവിപി പ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ എബിവിപി നാല് സീറ്റുകളിലും വലിയ വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin