ഇന്ത്യാ വിഭജനശേഷം പാകിസ്ഥാന്റെ ഭാഗമായ പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് ഗ്രാമത്തിൽ 1932 സെപ്തംബർ 26ന് ജനനം. അച്ഛൻ ഗുർമുഖ് സിങ്, അമ്മ അമൃത് കൗർ. കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമ്മ നേരത്തെ മരിച്ചു. അച്ഛന്റെ അമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്. പഠനത്തിൽ സമർഥനായ മൻമോഹൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത് സ്കോളർഷിപ്പോടെ. ഉപരിപഠനം പഞ്ചാബ് സർവകലാശാലയിൽ. അവിടെനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. 1954ൽ ഗവേഷണ വിദ്യാർഥിയായി സ്കോളർഷിപ്പോടെ കേംബ്രിജിലെത്തി. മികച്ച വിദ്യാർഥിക്കുള്ള റൈറ്റ്സ് ‐ആദംസ്മിത്ത് പുരസ്കാരങ്ങൾ നേടി.
1957ൽ പഞ്ചാബ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകൻ. 1966മുതൽ 69വരെ ന്യൂയോർക്കിൽ യുഎൻ സെക്രട്ടറിയേറ്റിൽ സാമ്പത്തികകാര്യ ഉദ്യോഗസ്ഥൻ. തുടർന്ന് ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസർ. 1971ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവ്. 72‐76വരെ കേന്ദ്ര ധനകാര്യവകുപ്പിൽ മുഖ്യ ഉപദേഷ്ടാവ്. 80‐82 ആസൂത്രണ വകുപ്പിൽ. പ്രണബ് മുഖർജി ധനമന്ത്രിയായിരിക്കെ 82ൽ റിസർവ് ബാങ്ക് ഗവർണർ. 85‐87 ആസുത്രണ കമ്മിഷൻ ഉപാധ്യക്ഷൻ. 91ൽ യൂണിയൻ പബ്ലിക് കമ്മിഷൻ ചെയർമാൻ.1958 സെപ്തംബർ 14ന് ഗുർഷൻ കൗറുമായുള്ള വിവാഹം. മൂന്ന് പെൺമക്കൾ. മൂത്ത മകൾ ഉപീന്ദർ സിങ് ഡൽഹി സർവകലാശാല ചരിത്രവിഭാഗം പ്രൊഫസർ. പ്രാചീന‐മധ്യകാല ഇന്ത്യയെക്കുറിച്ച് ഉൾപ്പെടെ ആറ് ഗ്രന്ഥങ്ങളുടെ കർത്താവ്. രണ്ടാമത്തെ മകൾ ദമൻ സിങ് ഡൽഹി സെന്റ് ജോസഫ് കോളേജിൽനിന്ന് ബിരുദം, ഗുജറാത്തിലെ ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽനിന്ന് ഉപരിപഠനം. നൈൻ ബൈ നൈൻ നോവലും ദി ലാസ്റ്റ് ഫ്രോണ്ടിയർ: മിസോറാമിലെ വനവും മനുഷ്യരും എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. മൂന്നാമത്തെ മകൾ അമൃത് സിങ് അമേരിക്കൻ സിവിൽ ലിബർടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണി.
ലോക്സഭാംഗമാകാത്ത പ്രധാനമന്ത്രി
അസമിൽനിന്നുള്ള രാജ്യസഭാംഗമായി 1991ലാണ് മൻമോഹൻ ആദ്യമായി ഭരണരംഗത്തെത്തിയത്. തുടർന്ന് 1995, 2001, 07 വർഷങ്ങളിൽ സഭയിലെത്തി. ബിജെപി അധികാരത്തിലിരുന്ന 1998 മുതൽ 2004വരെ സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.
ഒരിക്കലും ലോക്സഭാംഗമായില്ല. 1999 ലെ പൊതു തെരഞ്ഞെടുപ്പിൽ ദക്ഷിണ ഡൽഹിയിൽനിന്നും മത്സരിച്ചെങ്കിലും ബിജെപിയുടെ വിജയകുമാർ മൽഹോത്രയോട് തോറ്റു.
● 2014 ജപ്പാൻ ഗവൺമെന്റിന്റെ ഗ്രാൻഡ് കോർഡൻ ഓഫ് ദി ഓർഡർ ഓഫ് ദ പൗലോവ്നിയ ഫ്ളവേർസ്.
● 2010 അപ്പീൽ ഓഫ് കോൺഷ്യൻസ് ഫൗണ്ടേഷന്റെ വേൾഡ് സ്റ്റേറ്റ്മാൻ അവാർഡ്.
● 2005 ടൈം മാസികയുടെ ലോകത്തിലെ സ്വാധീനശക്തിയുള്ള 100 വ്യക്തികളിൽ ഒരാൾ. 2002 ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പിന്റെ ഔട്ട്സ്റ്റാൻഡിങ് പാർലമെന്റേറിയൻ അവാർഡ്.
● 1999 നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസിന്റെ ഫെല്ലോ ഓഫ് ദ നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്.
● 1997 പൂണെ തിലക് സ്മാരക ട്രസ്റ്റ് ലോകമാന്യ തിലക് അവാർഡ്. ജസറ്റിസ്. കെ എസ് ഹെഗ്ഡേ ഫൗണ്ടേഷന്റെ ജസ്റ്റിസ് കെ എസ് ഹെഗ്ഡേ അവാർഡ്. നിഹോൺ കൈസയുടെ നിക്കി ഏഷ്യാ പ്രൈസ് ഫോർ റീജ്യണൽ ൽ ഗ്രോത്ത്.
● 1996 ദില്ലി സർവകലാശാല സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ ഓണററി പ്രൊഫസർ.
● 1995 ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസ്സിയേഷന്റെ ജവഹർലാൽ നെഹ്റു ബർത്ത് സെന്റിനറി അവാർഡ്.
● 1994 ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, സെന്റർ ഫോർ ഏഷ്യാ ഇക്കോണമി, പൊളിറ്റിക്സ് ആൻഡ് സൊസൈറ്റിയുടെ ഡിസ്റ്റിങ്ഗ്യൂഷ്ഡ് ഫെല്ലോ ഓഫ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്.
● നഫീൽഡ് കോളേജ്, ഓക്സ്ഫഡ് സർവ്വകലാശാല, ഇംഗ്ലണ്ടിന്റെ ഹോണററി ഫെല്ലോ നഫീൽഡ് കോളേജ്. ആൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷന്റെ ഇലക്ടഡ് ഹോണററി ഫെലോ ഓഫ് ദി ആൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ.
● 1987 പത്മവിഭൂഷൺ
●1956 ആദംസ്മിത്ത് പുരസ്കാരം