വിവിധ ഗുരുപരമ്പരകളില്‍പ്പെടുന്ന ആശ്രമങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം സംന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുത്ത ധര്‍മസന്ദേശയാത്ര ഹിന്ദു സമൂഹത്തില്‍ പുതിയൊരു ഉണര്‍വ് സൃഷ്ടിച്ചിരിക്കുകയാണ്. സംന്യാസിമാരുടെ നേതൃത്വത്തില്‍ മാത്രം നടന്ന ഇതുപോലൊരു യാത്ര കേരളത്തിന് അപൂര്‍വ്വമായ അനുഭവമാണ്. ജാതി വിവേചനങ്ങളുടെ ഭ്രാന്താലയമായ കേരളത്തെ തീര്‍ത്ഥാലയത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച മംഗലാപുരത്തെ ഗോകര്‍ണനാഥേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരത്തെ ഗാന്ധി പാര്‍ക്കില്‍ സമാപനം കുറിച്ച ധര്‍മസന്ദേശയാത്ര തീര്‍ച്ചയായും ഹിന്ദു സമൂഹത്തിന് പുതിയൊരു ദിശാബോധം പകര്‍ന്നു നല്‍കിയിരിക്കുകയാണ്.
വലിയ ജനപങ്കാളിത്തമാണ് വിവിധ ജില്ലകളില്‍ ധര്‍മസന്ദേശയാത്രയ്‌ക്ക് ലഭിച്ചത്. യാത്രയുടെ തുടക്കത്തില്‍ ലഭിച്ച അതിഗംഭീരമായ സ്വീകരണം പിന്നീടങ്ങോട്ട് ആവര്‍ത്തിക്കപ്പെട്ടു. മാനവികതയ്‌ക്ക് വിരുദ്ധമായ ഉച്ചനീചത്വം പ്രതിരോധിക്കാനും സാമൂഹിക സമരസത ഉറപ്പാക്കാനും, സനാതന ധര്‍മം നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അവസരത്തിനൊത്ത് ഉയര്‍ന്ന് പരിഹരിക്കാനും ശ്രദ്ധിക്കുമെന്ന് ഓരോ സമ്മേളനത്തിലും പ്രതിജ്ഞയെടുത്തു. ഹിന്ദു ജനസംഖ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവ്, വ്യാപാര മേഖലകളിലെ ഹിന്ദുക്കളുടെ പിന്നോട്ട് പോകല്‍, യുവജനങ്ങള്‍ക്കിടയിലെ അക്രമവാസനയും രാസലഹരിയുടെ ഉപയോഗവും, വര്‍ദ്ധിച്ചുവരുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍, ഹൈന്ദവ സ്ഥാപനങ്ങള്‍ പല കാരണങ്ങളാല്‍ അന്യാധീനപ്പെടുന്നത് എന്നിവയൊക്കെ ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ ചര്‍ച്ച ചെയ്തത് ബോധവല്‍ക്കരണത്തിന് വഴിതെളിക്കും.
ജാതി സംഘടനകള്‍ സമുദായത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുമ്പോഴും ഹിന്ദു ധര്‍മ്മം എന്ന തായ്‌വേര് മറക്കാന്‍ ഇടവരരുതെന്നു ധര്‍മസന്ദേശയാത്ര മുന്നറിയിപ്പ് നല്‍കിയത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുക്കളുടെ സാമ്പത്തിക മുന്നേറ്റത്തിന് ക്ഷേത്രങ്ങളുടെ സഹായം വേണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. ഒരു ഭാഗത്ത് സംഘടിത മതശക്തികള്‍ രാഷ്‌ട്രീയ- ഭരണനേതൃത്വത്തെ ഹൈജാക്ക് ചെയ്യുമ്പോള്‍ അനൈക്യവും അസംഘടിതാവസ്ഥയും നിലനില്‍ക്കുന്ന ഹിന്ദുസമൂഹം അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെടുകയാണ്. യാഥാര്‍ത്ഥ്യ ബോധത്തില്‍ അധിഷ്ഠിതമായ ഒരു മുന്നേറ്റത്തിലൂടെ മാത്രമേ ഇതിന് മാറ്റം വരുത്താനാവൂ. ലോക ക്ഷേമം ആദര്‍ശമായി കരുതുന്ന ഹിന്ദുക്കള്‍ സംഘടിക്കുന്നതിനെ തെറ്റായി ചിത്രീകരിക്കുകയും, മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുന്നവരെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു. ഇതിനെ ചെറുത്തു തോല്‍പ്പിച്ചേ തീരൂ.
ഹിന്ദുക്കളില്‍ ഭൂരിപക്ഷ വര്‍ഗീയത ആരോപിച്ച് ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രീയ-മതശക്തികളെ ധീരമായി നേരിടാന്‍ കഴിയണം. പേരിനു മാത്രമാണ് കേരളത്തില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷം. മതപരമായ ജനസംഖ്യയുടെ വളര്‍ച്ച ഹിന്ദുക്കളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. അവരുടെ അവകാശങ്ങള്‍ അനുദിനമെന്നോണം കവര്‍ന്നെടുക്കപ്പെടുന്നു. ഇത് ചോദ്യം ചെയ്താല്‍ വര്‍ഗീയത ആരോപിക്കുന്നു. ആത്മീയ ചിന്തയും ധാര്‍മിക ബോധവും സാമ്പത്തിക ശക്തിയും സാമൂഹ്യനീതിയും കരുത്തുപകരുന്ന ഹിന്ദു സമൂഹം രൂപപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ വലിയൊരു കാല്‍വയ്‌പ്പാണ് ധര്‍മസന്ദേശ യാത്ര നടത്തിയിരിക്കുന്നത്.
ഈ യാത്ര ഇവിടെ അവസാനിക്കരുത്. പല രൂപങ്ങളില്‍, ഭാവങ്ങളില്‍ ഇതിന് തുടര്‍ച്ചയുണ്ടാവണം. വിവിധ തട്ടുകളില്‍ അകപ്പെട്ടു കിടക്കുന്ന ഹിന്ദുക്കളെ തട്ടിയുണര്‍ത്തി പൊതുലക്ഷ്യത്തിനുവേണ്ടി പോരാടാനും മുന്നേറാനുമുള്ള കരുത്ത് പകര്‍ന്നു നല്‍കാന്‍ ഹിന്ദു സമൂഹത്തിന്റെ ആത്മീയ നേതൃത്വത്തിന് കഴിയുമെന്നതിന് തെളിവാണ് ധര്‍മസന്ദേശ യാത്രയുടെ ഉജ്ജ്വലമായ വിജയം.