ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. തെറ്റായ പരാതിയും തെളിവുകളും നല്‍കിയെന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ഇയാളുടെ ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം വരെ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നത്.
മുന്‍ ശുചീകരണ തൊഴിലാളിയായ ഇയാളുടെ പേര് സി.എന്‍ ചിന്നയ്യ എന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ വിവരപ്രകാരം ഇയാള്‍ക്ക് നിലവില്‍ 45 വയസ്സ് പ്രായമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
വെള്ളിയാഴ്ച രാത്രി നടത്തിയ നീണ്ട ചൊദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യാജമാണെന്നാണ് ആരോപണം. വ്യാജ പരാതി നല്‍കല്‍, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.