ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം നടത്തുന്ന സംഘം നേത്രാവതി കുളിക്കടവിനടുത്ത ബംഗ്ലഗുഡ്ഡെ വനത്തില്‍ നിന്ന് തലയോട്ടി, അസ്ഥികൂട അവശിഷ്ടങ്ങള്‍ എന്നിവക്കൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇത് ഏഴ് വര്‍ഷം മുമ്പ് കാണാതായ കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി ഗ്രാമത്തിലെ യുബി അയ്യപ്പയുടേതാണെന്നാണ് പ്രാഥമിക വിവരം.
മൈസൂരുവിലേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈദ്യചികിത്സക്കായി പോയ അയ്യപ്പനെ കാണാതാവുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം കുടകിലെ കുട്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷമായി അദ്ദേഹത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഐഡി കാര്‍ഡും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തതോടെ, അവശിഷ്ടങ്ങള്‍ അയ്യപ്പന്റേതാണോ എന്ന സംശയം ശക്തമായി. അസ്ഥികൂടം ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി എസ്‌ഐടി അറിയിച്ചു.
പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിനുശേഷം മാത്രമേ മരണം അപകടമരണമാണോ അതോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ. പൊലീസ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എസ്‌ഐടി സംഘത്തിന്റെ രണ്ടാം ദിവസത്തെ തിരച്ചില്‍ വ്യാഴാഴ്ച അവസാനിച്ചു. ഏഴ് മനുഷ്യ തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തു.