ബംഗളൂരു:കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നും കണ്ടെടുത്തത്15 അസ്ഥി ഭാഗങ്ങള്‍.ഇതിന്റെ പല ഭാഗങ്ങളും പൊട്ടിയ നിലയിലാണ്.ഇതില്‍ ഒന്ന് പുരുഷന്റേതാണെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം.
തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയില്‍ സ്‌പോട്ട് നമ്പര്‍ ആറില്‍ നിന്നാണ് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്.
അതേസമയം ധര്‍മസ്ഥലയില്‍ മഴ ശക്തമായതിനാല്‍ കുഴികളില്‍ വെള്ളം കയറി.തുടര്‍ന്ന് കുഴിയെടുത്ത ഇടങ്ങളില്‍ നാല് വശത്തും പൊലീസ് ടാര്‍പോളിന്‍ ഷീറ്റുകള്‍ സ്ഥാപിച്ചു.തെളിവ് ശേഖരിച്ച സ്ഥലങ്ങള്‍ പൂര്‍ണമായി മൂടി.
ആറാമത്തെ കുഴിയിലെ പരിശോധന പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടു എന്ന വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയെ സാക്ഷിയാക്കിയാണ് പരിശോധന നടത്തിയത്.സ്ഥലത്ത് നിന്ന് കിട്ടിയ അസ്ഥി കഷണങ്ങള്‍ ഓരോന്നും അടയാളപ്പെടുത്തിയിട്ടുള്ള പ്രത്യേക പ്ലാസ്റ്റിക് ബോക്‌സുകളില്‍ ആണ് സൂക്ഷിക്കുന്നത്. ബയോ സേഫ് ബാഗുകളിലാക്കി ഇത് ലേബല്‍ ചെയ്യും.ഓരോ നടപടികളും എസ്‌ഐടി സംഘം വിശദമായി ചിത്രീകരിക്കുന്നുമുണ്ട്.