ബെംഗളൂരു: ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ സല്‍പേര് തകര്‍ക്കാനും അവിടുത്തെ ഭരണാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡ്ഡേയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ധര്‍മ്മസ്ഥലയെ കളങ്കപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നത്.
ആഗസ്ത് 18ന് ധര്‍മ്മസ്ഥലയെക്കുറിച്ചുള്ള സത്യം പുറത്ത് വരും
ധര്‍മ്മസ്ഥലയിലെ കൂട്ടത്തോടെ സ്ത്രീകളെ കൊന്ന ശേഷം കുഴിച്ചിടുന്ന ആരോപണത്തിന്റെ പിന്നിലെ വസ്തുത എന്തെന്ന് ആഗസ്ത് 18ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര വെളിപ്പെടുത്തുമെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ദിനേഷ് ഗുണ്ടുറാവു. ഇതിന് പിന്നിലെ ഗൂഢാലോചനയുണ്ടെങ്കില്‍ അതും ആഭ്യന്തരമന്ത്രി വെളിപ്പെടുത്തും. ഇതോടെ കഥകള്‍ പെരുപ്പിച്ച് പറഞ്ഞ യുട്യൂബര്‍മാരും ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍കാരും കിടുങ്ങിയിരിക്കുകയാണ്.
“ധര്‍മ്മസ്ഥലയെക്കുറിച്ച് അറിയാം. ഈ സ്ഥലത്തില്‍ എനിക്ക് വിശ്വാസമുണ്ട്. വരും ദിവസങ്ങളില്‍ ഇതിന് പിന്നിലെ ഗൂഢാലോചന തുറന്നുകാണിക്കപ്പെടും. ആഭ്യന്തരമന്ത്രി തന്നെ ഇതിന്റെ വിശദാംശങ്ങള്‍ നിയമസഭയില്‍ പറയും”. -കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കെപിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡി.കെ. ശിവുകുമാര്‍ പറഞ്ഞതാണിത്. ദക്ഷിണ കന്നഡ ജില്ലയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായി ദിനേഷ് ഗുണ്ടുറാവുവും ധര്‍മ്മസ്ഥല ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്നു.
പേജ് വ്യൂസ് കൂട്ടിക്കിട്ടാന്‍ യൂട്യൂബര്‍മാര്‍ പെരുപ്പിച്ച കള്ളക്കഥകള്‍ ഏറെ
ഇതോടെ ക്ഷേത്രത്തിലും പരിസരത്തുമായി 4000 സ്ത്രീകളെ വരെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടിട്ടുണ്ടെന്ന് വരെ അപവാദകഥകള്‍ പ്രചരിപ്പിച്ച പല യുട്യൂബര്‍മാരും മുങ്ങുകയാണ്. ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളി എന്ന് പരിചയപ്പെടുത്തിയ ആള്‍ ആദ്യം 100 സ്ത്രീകളെ വരെ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷെ ക്രമേണ മരിച്ച സ്ത്രീകളുടെ എണ്ണം യുട്യൂബര്‍മാര്‍ ദിനംപ്രതി ഉയര്‍ത്തിക്കൊണ്ടിരുന്നു. 200, 300, 400, ആയിരം, 2000, 3000, 4000 എന്നിങ്ങനെ ഉയര്‍ത്തുകയായിരുന്നു. അതുപോലെ ക്ഷേത്രത്തില്‍ വരുന്ന പെണ്‍കുട്ടികളെ ചിലന്തിവല പോലെ ഇവിടുത്തെ തൊഴിലാളികള്‍ ചുറ്റിപ്പിടിക്കുകയായിരുന്നു എന്നതായിരുന്നു മറ്റൊരു കഥ. ഇവിടെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യ് കൊല്ലുമെന്നുറപ്പാണ് എന്ന് വരെ കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. പല യുട്യൂബര്‍മാരും അവരുടെ വീഡിയോ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പല ടിവി ചാനലുകളും നിരന്തരം ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിജനകമായ കഥകള്‍ പ്രചരിപ്പിച്ചിരുന്നത്. വായനക്കാരുടെ മനസ്സില്‍ ഈ കഥകള്‍ക്ക് നിറം പിടിപ്പിക്കാന്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഫോട്ടോകളും വീഡിയോകളും ആണ് യുട്യൂബര്‍മാര്‍ അധികവും ഉപയോഗിച്ചത്. ഇതോടെ ധര്‍മ്മസ്ഥലയുടെ കൂട്ടക്കൊലപാതകങ്ങള്‍ ഒരു അപസര്‍പ്പകകഥയെ വെല്ലുന്ന കഥയായി മാറി.
കഥകള്‍ പ്രചരിപ്പിച്ചവരുടെ ലക്ഷ്യം വീരേന്ദ്ര ഹെഗ്ഗഡെ
ഇവിടെ കുഴിച്ചാല്‍ നൂറുകണക്കിന് അസ്ഥികൂടങ്ങള്‍ കിട്ടുമെന്ന് പറഞ്ഞ പല മുസ്ലിം യുട്യൂബര്‍മാരും അങ്കലാപ്പിലാണ്. ആകെകിട്ടിയത് രണ്ട് അസ്ഥികൂടങ്ങളും 60 അസ്ഥികളും രണ്ട് ഐഡി കാര്‍ഡുകളും ഒരു സാരിയുമാണ്. സ്നാനഘട്ടുള്ള 13ാം പോയിന്‍റില്‍ 70 പേരെ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളി പറഞ്ഞത്. 13ാം പോയിന്‍റിനെക്കുറിച്ചാണ് മാധ്യമങ്ങളും യുട്യൂബര്‍മാരും ഏറെ നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞിരുന്നത്. പക്ഷെ അവിടെ നിന്നും ഒന്നും കിട്ടിയില്ല. 180 അടി വരെ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവിടെ കുഴിച്ചെന്ന് പറയുന്നു. മറ്റ് പോയിന്‍റുകളില്‍ നിന്നും കിട്ടിയ എല്ലുകള്‍ പലതും പുരുഷന്മാരുടേതുമാണ്. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര ഉടമകളുടെ കയ്യില്‍ ഉള്ളത്. അത്രയ്‌ക്കധികം പേര്‍ വരുന്ന ക്ഷേത്രമാണിത്. 50,000 പേര്‍ക്ക് വരെ സൗജന്യമായി ഭക്ഷണം കൊടുക്കുന്ന ക്ഷേത്രമാണിതെന്നും പറയുന്നു.
ചില മുസ്ലിം യുട്യൂബര്‍മാരാണ് തുടക്കത്തില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ അപവാദകഥകളുമായി എത്തിയത്. ആദ്യമൊക്കെ ധര്‍മ്മസ്ഥലയിലെ കൂട്ടമരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരെന്നറിയില്ലെന്ന് പറഞ്ഞ് നിഷ്കളങ്കവീഡിയോ പോലെ തുടങ്ങിയ ഇവര്‍ വൈകാതെ ഒരു തെളിവും ഇല്ലാതെ തന്നെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്കെതിരെ തിരിയുകയായിരുന്നു.
അല്‍ ജസീറയില്‍ വരെ വെണ്ടക്കാ അക്ഷരത്തില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ വാര്‍ത്ത
പൊതുവേ അറബ് മാധ്യമമായി അറിയപ്പെടുന്നതാണ് അല്‍ജസീറ ടിവിയും അല്‍ജസീറ ഓണ്‍ലൈന്‍ വാര്‍ത്താവെബ്സൈറ്റും. അതില്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ കൂട്ടമരണങ്ങള്‍ വെണ്ടയ്‌ക്കാ അക്ഷരങ്ങളില്‍ ഇടം പിടിച്ചിരുന്നു. കര്‍ണ്ണാടകയിലെ ഒരു മൂലയിലുള്ള ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വാര്‍ത്ത എത്ര വേഗത്തിലാണ് അല്‍ ജസീറയില്‍ ഇടം പിടിച്ചതെന്നത് ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ വരെയുണ്ടോ എന്ന സംശയത്തിനടയാക്കുന്നു.
ക്ഷേത്രത്തിനടുത്തുള്ള ബെല്‍തങ്ങാടി പോലുള്ള സ്ഥലങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. ദക്ഷിണകന്നട എന്ന വര്‍ഗ്ഗീയചേരിതിരിവ് രൂക്ഷമായ ജില്ലയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ധര്‍മ്മസ്ഥല. അതുപോലെ ചിന്നപ്പ ഉത്തംഗി പോലെ ചില പാസ്റ്റര്‍മാരും ഇതിന് പിന്നിലുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. പക്ഷെ ആരാണ് ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ എന്ന കാര്യം ഡി.കെ. ശിവകുമാര്‍ വെളിപ്പെടുത്തിയിട്ടില്ല. മോദി വിരുദ്ധ, ആര്‍എസ്എസ് വിരുദ്ധ ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളും നിറയെ കഥകള്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ പല സ്ത്രീമരണകഥകളും വ്യാജമായിരുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
വിക്കീപീഡിയ വീരേന്ദ്രഹെഗ്ഗഡെയെ വിവാദപുരുഷനാക്കി
വിക്കിപീഡിയയില്‍ വീരേന്ദ്ര ഹെഗ്ഗഡെ എന്ന പത്മവിഭൂഷണ്‍ വരെ നേടിയ ഈ ക്ഷേത്രത്തിന്റെ ധര്‍മ്മാധികാരിയുടെ ബയോഗ്രഫി വരെ തിരുത്തിയിരിക്കുകയാണ്. രാജ്യസഭാംഗം കൂടിയായ ഇദ്ദേഹത്തിന്റെ ബയോയില്‍ 17 വയസ്സായ സൗജന്യയുടെ കൊലപാതകം, ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകം എന്നീ പ്രശ്നങ്ങളുടെ പേരില്‍ ഇദ്ദേഹം ആരോപണ വിധേയനാണെന്ന് വരെ എഴുതിച്ചേര്‍ത്തിരിക്കുന്നു. യൂട്യൂബര്‍മാര്‍ ഈ പ്രശ്നം ഉയര്‍ത്തിയ ഉടനെ ഇത്രയും വേഗത്തില്‍ വിക്കിപീഡിയയുടെ ഉള്ളടകത്തില്‍ മാറ്റാന്‍ കഴിവുള്ള അതിശക്തരാണ് ആരോപണങ്ങളുടെ പിന്നില്‍ എന്ന് കരുതേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ പോലും വേരുകളുള്ള എന്‍ജിഒ സംഘങ്ങള്‍ക്കാണ് വിക്കിപീഡിയ ഉള്ളടക്കങ്ങളെല്ലാം അതിവേഗം തിരുത്താന്‍ കഴിയുക. കര്‍ണ്ണാടകയില്‍ അതിശക്തമാണ് എന്‍ജിഒ സംഘടനകള്‍. കഴിഞ്ഞ ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോദിയ്‌ക്കെതിരെയും ബിജെപിയ്‌ക്കെതിരെയും അതിശക്തമായ നിലപാട് എടുത്തവരാണ് ഈ എന്‍ജിഒ സംഘടനകള്‍. വീടുവീടാന്തരം കയറിയുള്ള ഇവരുടെ കാമ്പയിനുകള്‍ ബിജെപിയുടെ തോല്‍വിക്ക് വരെ കാരണമായി എന്ന ഒരു വിലയിരുത്തല്‍ പുറത്തുവന്നിട്ടുണ്ട്.