ബെംഗളൂരു: ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ശശികാന്ത് സെന്തില്‍ ആണെന്നും തിരുവള്ളൂര്‍ എംപിയായ അദ്ദേഹത്തെ പൊടുന്നനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ അറസ്റ്റ് ഒഴിവാക്കാനാണെന്നും ശ്രീ അയ്യര്‍. നിരവധി പുസ്തകങ്ങള്‍ രചിച്ച, നല്ലൊരു രാഷ്‌ട്രീയ നിരീക്ഷകന്‍ കൂടിയായ ശ്രീ അയ്യര്‍, തന്റെ യൂട്യൂബ് ചാനലില്‍ ആണ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
ധര്‍മ്മസ്ഥല ഗൂഢാലോചനയുടെ പേരില്‍ പൊലീസ് അറസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ശുചീകരണത്തൊഴിലാളിയെയും മഹേഷ് റെഡ്ഡി തിമ്മറോഡി, ഗിരീഷ് മട്ടന്നവര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. പൊടുന്നനെയാണ് തമിഴ്നാട്ടിലെ തിരുവള്ളൂര്‍ എംപിയായ ശശികാന്ത് സെന്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് കിട്ടിയില്ലെന്ന് ആരോപിച്ച് നിരാഹാരം തുടങ്ങിയത്. ഇതേ തുടര്‍ന്ന് അവശനിലയിലായി എന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസം തിരുവള്ളൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും അദ്ദേഹത്തെ ചെന്നൈയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിരാഹാരം കിടക്കുന്ന ശശികുമാര്‍ സെന്തിലിനെ രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ നിന്നും വിളിച്ച് ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ചു എന്നതില്‍ ഈ രാഷ്‌ട്രീയക്കാരന്റെ പ്രാധാന്യം മനസ്സിലാക്കാം. ശശികുമാര്‍ സെന്തിലിനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നില്‍ സ്റ്റാലിന്റെ സഹായമുണ്ടെന്നും കരുതപ്പെടുന്നു. താന്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിരാഹാരം തുടരുമെന്നും ശശികാന്ത് സെന്തില്‍ ആരോപിച്ചിട്ടുണ്ട്. ഒരു പക്ഷെ ധര്‍മ്മസ്ഥല കേസില്‍ അറസ്റ്റുണ്ടായേക്കുമോ എന്ന് ഭയന്ന് ശശികാന്ത് സെന്തില്‍ നടത്തിയ നാടകമാണ് നിരാഹാരവും അതിനെ തുടര്‍ന്നുള്ള ആശുപത്രിവാസവും എന്നാണ് ശ്രീ അയ്യര്‍ ആരോപിക്കുന്നത്. ആശുപത്രിയില്‍ കിടക്കുന്ന രോഗിയെ പൊടുന്നനെ കസ്റ്റഡിയിലെടുക്കാന്‍ കഴിയില്ല. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നിരാഹാരം അനുഷ്ഠിക്കുന്ന ഒരു എംപിയെ രാഷ്‌ട്രീയവിരോധത്തിന്റെ പേരില്‍ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ പൊലീസിനും കേന്ദ്രസര്‍ക്കാരിനുമെതിരെ ഒരു വലിയ തരംഗം ഉണ്ടാക്കാനും സാധിക്കും. അതുവഴിയും അറസ്റ്റിന് തടയിടാന്‍ കഴിയും. ശശികാന്ത് സെന്തിലിന്റെ അമിതമായ ഡിഎംകെ ബന്ധം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യം സൃഷ്ടിക്കുന്നുണ്ട്.
ധര്‍മ്മസ്ഥലയില്‍ നടന്ന വന്‍ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ശശികാന്ത് സെന്തില്‍ ആകാന്‍ സാധ്യതയുണ്ടെന്ന് ശ്രീ അയ്യര്‍ നേരത്തെ ആരോപിച്ചിരുന്നു. കാരണം ധര്‍മ്മസ്ഥല ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ നേരത്തെ കളക്ടര്‍ ആയിരുന്ന ഐഎഎസ് ഓഫീസറായിരുന്നു ശശികാന്ത് സെന്തില്‍. അക്കാലത്ത് കരിമണല്‍ ലോബിയില്‍ നിന്നും കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ ചില കേസുകള്‍ ശശികാന്ത് സെന്തിലിന് നേരെ ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. പക്ഷെ പൗരത്വ ഭേദഗതി ബില്ലിന്റെ നാളുകളില്‍ ശശികാന്ത് സെന്തില്‍ ഐഎഎസ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പിന്നീട് ഇദ്ദേഹം തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയാകുകയും ചെയ്തു. ഇക്കാലയളവില്‍ ഇസ്ലാമിക തീവ്രവാദസംഘടനകളുമായും ശശികാന്ത് സെന്തിലിന് നല്ല അടുപ്പമുണ്ടായിരുന്നതായി പറയുന്നു. ഹിന്ദുത്വയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഇടത് മാധ്യമസംഘവുമായും കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ശശികാന്ത് സെന്തില്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.
ശശികാന്ത് സെന്തില്‍ ക്രിപ്റ്റോ ക്രിസ്ത്യനോ?
ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടന്ന് വന്‍ഗൂഢാലോചനയാണെന്നും ഒരു ഐഎഎസ് ബുദ്ധിയില്‍ നിന്നും വിരിയാവുന്ന തരത്തില്‍ അത്രയ്‌ക്ക് സങ്കീര്‍ണ്ണമായ ഗൂഢാലോചനയാണ് നടന്നതെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഒരു തലയോട്ടിയുമായി ഒരു ശുചീകരണത്തൊഴിലാളി രംഗത്തെത്തുകയും പിന്നീട് അയാള്‍ ക്ഷേത്രത്തില്‍ വരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ഇവിടെ ബലാത്സംഗത്തിനിരയാക്കാറുണ്ടെന്നും അതിന് ശേഷം കൊലചെയ്യുകയും കൂട്ടത്തോടെ കുഴിച്ചിടാറുണ്ടന്നും താന്‍ നൂറോളം പെണ്‍കുട്ടികളുടെ മൃതദേഹം ഇങ്ങിനെ കുഴിച്ചിട്ടിട്ടുണ്ടെന്നും പറയുന്നു. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണമൊന്നും പെട്ടെന്ന് നടത്താന്‍ കഴിയില്ലെന്ന് തുടക്കത്തില്‍ പറഞ്ഞ സിദ്ധരാമയ്യ ദല്‍ഹിയില്‍ നിന്നും ഒരു ഫോണ്‍ കാള്‍ വന്നയുടന്‍ പ്രത്യേക പൊലീസ് അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്യുന്നു.ദല്‍ഹിയില്‍ നിന്നും വന്ന ഈ ഫോണ്‍ കാള്‍ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്‍റേതാണെന്ന് ആരോപിക്കപ്പെടുന്നു. ഇത് ശശികാന്ത് സെന്തിലിന്‍റേതാണോ എന്നും ആരോപണമുണ്ട്. അതോ ദല്‍ഹിയില്‍ നിന്നും സിദ്ധരാമയ്യയെ വിളിച്ചയാള്‍ ശശികുമാര്‍ സെന്തിലിനൊപ്പം ഉറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയനേതാവോ?അനന്യഭട്ട് എന്ന ജീവിച്ചിരിപ്പില്ലാത്ത പെണ്‍കുട്ടിയുടെ അമ്മയായി സുജാത ഭട്ട് എന്ന ഒരു സ്ത്രീരംഗത്ത് വരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ ഏതാനും പേര്‍ മുന്നണിയില്‍ വരുന്നു. 9000ത്തോളം യൂട്യൂബര്‍മാര്‍ വ്യാജ വീഡിയോകള്‍ ഭയപ്പെടുത്തുന്ന ചിത്രങ്ങളോടെ ചെയ്യുന്നു. കുറെപ്പേര്‍ ധര്‍മ്മസ്ഥലയില്‍ നിന്നും തങ്ങളെ ഒഴിപ്പിച്ചെന്നും തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടെന്നും അവകാശപ്പെട്ട് നാടകീയമായി രംഗത്ത് എത്തുന്നു. ഇടത്-മാവോയിസ്റ്റ് മാധ്യമങ്ങള്‍ ധര്‍മ്മസ്ഥലയ്‌ക്കും അധികാരികള്‍ക്കും എതിരായി വാര്‍ത്തകള്‍ നല്‍കുന്നു. കേരളം, കര്‍ണ്ണാടകം, ദല്‍ഹി മാധ്യമശൃംഖലകള്‍ മാത്രമല്ല, ബിബിസിയും അല്‍ജസീറയും വരെ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ പെണ്‍കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന പേരില്‍ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഒരു അസാധാരണ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ഗൂഢാലോചന തന്നെയാണ് ധര്‍മ്മസ്ഥലയില്‍ നടന്നത്. ഹിന്ദുശക്തികേന്ദ്രമായ ദക്ഷിണകന്നഡയില്‍ ബിജെപിയ്‌ക്കുപോലും ഇടപെടാന്‍ കഴിയാത്ത ഒരു സാഹചര്യമാണ് ഈ ഭീകരശൃംഖല സൃഷ്ടിച്ചത്.
ശശികാന്ത് സെന്തില്‍ മതപരിവര്‍ത്തന ലോബിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്‌ട്രീയനേതാവാണെന്നും ആരോപണമുണ്ട്. ശശികാന്ത് സെന്തില്‍ തന്നെ ഒരു ക്രിപ്റ്റോ ക്രിസ്ത്യന്‍ (രഹസ്യമായ ക്രിസ്ത്യാനി) ആണോ എന്നും സംശയമുണ്ടെന്നും ശ്രീ അയ്യര്‍ പറയുന്നു.
2023ലെ കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ഡിജിറ്റല്‍പ്രചാരണപ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് ആസൂത്രണങ്ങളും നടത്തിയിരുന്ന കനുഗോലുവിനൊപ്പം പ്രവര്‍ത്തിച്ച ടീമില്‍ ശശികാന്ത് സെന്തിലും ഉണ്ടായിരുന്നു. അവര്‍ ബിജെപിയെയും ഹിന്ദുത്വയെയും ഒറ്റപ്പെടുത്താന്‍ എന്‍ജിഒകളുടെ സഹായത്തോടെ വീടുകള്‍ കേന്ദ്രീകരിച്ച് കടുത്ത വര്‍ഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടിരുന്നതായും ആരോപണമുണ്ട്. ഈ വര്‍ഗ്ഗീയ പ്രചാരണം കുറെ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ സഹായിച്ചതായും പറയുന്നു.