ബെംഗളൂരു : ധര്‍മ്മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ തിങ്കളാഴ്ച ഹാജരാകുമെന്ന് ലോറി ഉടമ മനാഫ്. ഓണമായതിനാല്‍ ഇപ്പോള്‍ ഹാജരാകില്ലെന്നും സെപ്തംബര്‍ എട്ട് തിങ്കളാഴ്ചയേ ഹാജരാകൂ എന്ന് മനാഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം വരെ തന്റെ യൂട്യൂബ് ചാനലിലൂടെ ധര്‍മ്മസ്ഥല സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ നിര്‍ഭയം പുറത്തുവിട്ടിരുന്ന മനാഫിന്റെ മുഖത്ത് ഇപ്പോള്‍ കുറച്ച് ആശങ്ക നിഴലിച്ചുകാണുന്നുണ്ട്. കാരണം പ്രത്യേക അന്വേഷണസംഘം കാര്യമായി തന്നെ മനാഫിനെ ചോദ്യം ചെയ്യും. അപ്പോള്‍ നല്‍കുന്ന മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്യും. നാളെ എന്‍ഐഎ വരെ അന്വേഷണം ഏറ്റെടുക്കുകയാണെങ്കില്‍ അന്നേരവും മനാഫിന് ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കേണ്ടതായും വരും.
തുടക്കം മുതല്‍ ഈ കേസിന് എരിവേറ്റിയ വ്യക്തിയാണ് മനാഫ്. സ്വന്തം യുട്യൂബിലൂടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും മാധ്യമങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയും സജീവമായ പ്രവര്‍ത്തനങ്ങളാണ് മനാഫ് ഈ കേസില്‍ നടത്തിയിരുന്നത്. ബലാത്സംഗം ചെയ്ത് കൊന്ന നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി മറവു ചെയ്ത പ്ലോട്ട് വരെ മനാഫ് പല ടിവി ചാനലുകളിലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവിടെ കുഴിച്ചിട്ട് കേസിന് ബലം നല്‍കുന്ന നിരവധി അസ്ഥിക്കൂടങ്ങളൊന്നും കിട്ടിയിരുന്നില്ല. അനന്യഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥി ധര്‍മ്മസ്ഥലയില്‍ വെച്ച് ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ശക്തമായി മനാഫ് വാദിച്ചിരുന്നു. എന്നാല്‍ ഇങ്ങിനെ ഒരു വിദ്യാര്‍ത്ഥി ജീവിച്ചിരിപ്പേ ഇല്ലെന്ന് തെളിഞ്ഞു അനന്യഭട്ടിന്റെ അമ്മയായി രംഗപ്രവേശം ചെയ്ത സുജാത ഭട്ട് താന്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ നുണയായിരുന്നുവെന്ന് മൊഴി നല്‍കിക്കഴിഞ്ഞു. ഇതെല്ലാം കൈവിട്ടപ്പോള്‍, തലയോട്ടി പരിശോധിച്ചതിന്റെ ഫോറന്‍സിക് ഫലം പുറത്തുവരട്ടെ എന്നായി മനാഫ്. എന്നാല്‍ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍ ധര്‍മ്മസ്ഥലയില്‍ നിന്നും കഴിച്ചെടുത്തതാണെന്ന് പറഞ്ഞ് ഹാജരാക്കിയ തലയോട്ടി ഏതോ ലാബില്‍ നിന്നും കൊണ്ടുവന്നതാണെന്നും തെളിഞ്ഞു. ഇതോടെ ഇപ്പോള്‍ അവസാന പിടിവള്ളി എന്നനിലയില്‍ സൗജന്യ കൊലപാതകത്തില്‍ തൂങ്ങിക്കിടക്കുകയാണ് മനാഫ് ഇപ്പോള്‍.
പത്തിലേറെ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസാണ് ധര്‍മ്മസ്ഥല നുണക്കഥ പറഞ്ഞ കേസ്. വ്യാജരേഖ ചമയ്‌ക്കല്‍, ചമച്ച വ്യാജരേഖ ഉപയോഗപ്പെടുത്തല്‍, വ്യാജമൊഴി തുടങ്ങി പത്തോളം കേസുകള്‍ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്.
ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട മനാഫിന് സ്വതസിദ്ധമായ ആക്രമണോത്സുകത കണ്ടില്ല. സാധാരണഗതിയില്‍ വലിയ വീറും വാശിയോടെയും സംസാരിക്കുന്ന മനാഫ് ഇപ്പോള്‍ അല്‍പം ദുര്‍ബലനായാണ് കാണപ്പെട്ടത്. ഇതിനെ നിയമപരമായി നേരിടുമെന്നും ജനങ്ങളോട് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്ന് മനാഫ് പറഞ്ഞാലും പറഞ്ഞതില്‍ ഏറെയും കള്ളങ്ങളായിരുന്നുവെന്ന് തെളിഞ്ഞ സ്ഥിതിക്ക് എങ്ങിനെയാണ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുക എന്ന ചോദ്യത്തിന് ഉത്തരമില്ല.
മാത്രമല്ല മനാഫിന് പ്രത്യേക അന്വേഷണ സംഘം നല്‍കിയിരിക്കുന്നത് ശക്തമായ നോട്ടീസാണ്. അതായത് ഹാജരായില്ലെങ്കില്‍ ക്രിമനില്‍ നടപടിക്രമങ്ങളുടെ ഭാഗമായി അടുത്ത നടപടി കൈക്കൊള്ളുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ അഞ്ചാം തീയതി നബിദിനമാണെന്നതും ആറാം തീയതി ഓണമാണെന്നതും പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ടെന്ന് മനാഫ് പറഞ്ഞു. ഹാജരായില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞതായും മനാഫ് വ്യക്തമാക്കി.
മറ്റൊരു വിഷയം മനാഫ് സാന്ദര്‍ഭികമായി ഇടയ്‌ക്കിടെ തന്റെ സ്വദേശം മാറ്റുന്ന രീതിയാണ്. ഇടയ്‌ക്ക് താന്‍ കേരളത്തിന്റെ പ്രതിനിധിയാണെന്ന് പറയുന്ന മനാഫ് എന്തുകൊണ്ടാണ് കര്‍ണ്ണാടകത്തിലെ ധര്‍മ്മസ്ഥലയിലെ പ്രശ്നത്തില്‍ ഇടപെടുന്നത് എന്ന് ചോദിക്കുമ്പോള്‍ താന്‍ കര്‍ണ്ണാടകത്തിലെ ധര്‍മ്മസ്ഥല സ്വദേശിയാണെന്നും തന്റെ ബന്ധു എംഎല്‍എ ആണെന്നും മറ്റും വിശദീകരിക്കാറുണ്ട്. മനാഫ് കേരളക്കാരനാണോ അതോ കര്‍ണ്ണാടകക്കാരനാണോ എന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ മനാഫ് പറയുന്നത് കേരളത്തിലെ സ്ത്രീകള്‍ വരെ കുഴിച്ചുമൂടപ്പെട്ടതിനാല്‍ കേരളത്തില്‍ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു എന്നും അത് അവര്‍ക്ക് പ്രശ്നമായിട്ടുണ്ടെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ താന്‍ പുറത്തുവിടുന്ന ധര്‍മ്മസ്ഥല സംബന്ധിച്ച വാര്‍ത്തകള്‍ ധര്‍മ്മസ്ഥലയിലെ അധികാരികളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും മനാഫ് പറയുന്നു. കേരളത്തിലെ പലരും തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ എന്തിനാണ് ഈ കേസില്‍ വാദിക്കുന്നത് എന്നത് സംബന്ധിച്ച് തന്റെ പക്കല്‍ വ്യക്തമായ തെളിവുകളും രേഖകളും ഉണ്ടെന്നും മനാഫ് പറയുന്നു. സൗജന്യ ആക്ഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ധാരാളം കാര്യങ്ങള്‍ പുറത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും മനാഫ് പറയുന്നു. 13 സ്ഥലങ്ങളും ചില അധിക പ്ലോട്ടുകളും കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയിട്ടില്ലെന്ന വാദത്തോട് മനാഫ് വിയോജിക്കുന്നു. ചില അസ്ഥിക്കഷണങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ ഇവയുടെ പരിശോധനാഫലം പുറത്തുവിട്ടിട്ടില്ലെന്നുമാണ് മനാഫിന്റെ വാദം.