ബെംഗളൂരു:ധര്‍മ്മസ്ഥല ഗൂഢാലോചന ഹിന്ദു വിശ്വാസത്തിന്റെ മേലുള്ള സ്പോണ്‍സേഡ് ആക്രമണമെന്നും കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം യാതൊരു നിയന്ത്രണവുമില്ലാത്ത ഒന്നായി മാറിയിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ധര്‍മ്മസ്ഥല ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള നുണക്കഥകള്‍ പരമാവധി പെരുപ്പിച്ച് കാണിച്ചത് ക്ഷേത്രത്തെ താറടിക്കാനാണെന്നും പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തി.
ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനക്കേസ് ഹിന്ദു വിശ്വാസത്തിനെതിരായ സ്പോണ്‍സേഡ് ആക്രമണമാണ്. കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ടൂള്‍കിറ്റിന് മേല്‍ ചാടി വീണു. ഹിന്ദുക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താമെന്നതിനാലാണ്. അവര്‍ അത് ചെയ്തത്. – പ്രള്‍ഹാദ് ജോഷി പറഞ്ഞു.
ഈ കേസിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണ് പ്രത്യേക അന്വേഷണ സംഘത്തെ തിടുക്കപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ചത്. ഒരു മുഖംമൂടി മനുഷ്യനും സ്പോണ്‍സര്‍ ചെയ്യപ്പെട്ട നിരവധി യൂട്യൂബര്‍മാര്‍ക്കും ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരായ നുണക്കഥകള്‍ പെരുപ്പിച്ച് കാണിക്കാന്‍ അവസരം നല്‍കി. 15 ദിവസത്തോളം ഇത്രയും പ്രസിദ്ധമായ ക്ഷേത്രനഗരിയെ മാധ്യമവിചാരണയ്‌ക്ക് വിട്ടുനല്‍കി. വിശ്വാസം വ്യക്തിപരമായിരിക്കാം. പക്ഷെ ഒരു സര്‍ക്കാര്‍ ഇതിനെതിരായ ഗൂഢാലോചനകളെ ജാഗ്രതയോടെ നിയന്ത്രിക്കേണ്ട ശക്തിയാണ്. പക്ഷെ കര്‍ണ്ണാടകത്തിലെ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുമാറി.- പ്രള്‍ഹാദ് ജോഷി പറയുന്നു.
വിവാദം പരമാവധി കത്തിക്കയറാന്‍ അനുവദിച്ച ശേഷമാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിന്മേല്‍ നടപടി എടുത്തത്. പരമാവധി ഹിന്ദു വിശ്വാസത്തിന് മുറിവേല്‍പിച്ച ശേഷം അവര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ അവര്‍ക്ക് അങ്ങേയറ്റം ആശങ്കയുള്ളതുപോലെ അഭിനയിച്ചുകൊണ്ടായിരുന്നു ഇവരുടെ നീക്കം. ഇത് വിശ്വാസികളെ മുറിവേല്‍പിച്ചു. വിശ്വാസത്തെ നശിപ്പിച്ചു. – പ്രള്‍ഹാദ് ജോഷി പറയുന്നു.
ആരുടെയങ്കിലും താല്‍പര്യപ്രകാരമാണോ ഈ സംഭവം ആസൂത്രണം ചെയ്തത്? ഇത്രയും വലിയ തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നേരത്തെ പ്രതികരിക്കാതിരുന്നത്? ഇതിന് വേണ്ടി ഫണ്ട് നല്‍കിയവരെയും ഹിന്ദു വിശ്വാസത്തിനെ തകര്‍ക്കാനുള്ള ഈ ടൂള്‍കിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചവരെയും പിടികൂടണം. ഈ കേസില്‍ കര്‍ണ്ണാടകത്തിന് ഉത്തരം ലഭിയ്‌ക്കണം. അതിന് നിഷ്പക്ഷമായ അന്വേഷണം വേണം. – പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു.
ഇത് ഒരു ക്ഷേത്രത്തിലെ പ്രശ്നം മാത്രമല്ല. മതവിശ്വാസം പോലെ ഏറെ സ്ഫോടനാത്മകമായ സംഭവത്തെ നിരുത്തരവാദപരമായി കൈകാര്യം ചെയ്തത് ഭരണത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാകും. കോടതിയില്‍ സത്യം പറയുമെന്ന് പ്രതിജ്ഞയെടുത്ത ശേഷം നുണപറയുകയായിരുന്നു ശുചീകരണത്തൊഴിലാളി. കള്ള ശപഥം എന്ന ഗുരുതരമായ കുറ്റമാണ് ഇയാള്‍ ചെയ്തത്. പത്ത് വര്‍ഷത്തോളം ക്രൂരമായി ബലാത്സംഗത്തിന് ഇരയായ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്ത് കുഴിച്ചിട്ടു എന്ന ഗുരുതരമായ നുണയാണ് ഇയാള്‍ പറഞ്ഞത്. ധര്‍മ്മസ്ഥലയുടെ ധര്‍മ്മാധികാരിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന രീതിയിലായിരുന്നു ഇതിനെക്കുറിച്ച് യൂട്യൂബ് പ്രചാരണം നടന്നത്. – പ്രള്‍ഹാദ് ജോഷി പറഞ്ഞു.